Wednesday, October 20, 2010

കലാലയത്തിനു വിട പറഞ്ഞ നാളുകള്‍ ...

കലാലയ ജീവിതം അസ്തമിച്ചാല്‍ പിന്നെ ബാക്കിയുള്ളത് യാഥാര്‍ത്ഥ്യങ്ങളുടെ കാലയളവത്രേ... ഈ പരീക്ഷണ കാലഘട്ടം തന്നെ തകര്‍ക്കുമോ..? അതോ താന്‍ ഈ കാലഘട്ടത്തെ തകര്‍ക്കുമോ..? കാലഘട്ടവും താനും, ഇരുവരും ശക്തരത്രേ... നാശം  സുനിശ്ചിതം... ഏതു സംഭവിച്ചാലും...

Friday, June 18, 2010

ഒരു ചെറിയ നുണ...

ഞാന്‍ നാലാം ക്ലാസ്സ്‌ പഠിച്ചത് ഒരു മുസ്ലിം ട്രസ്റ്റിന്റെ കീഴിലുള്ള സ്കൂളിലായിരുന്നു. അതുകൊണ്ട് തന്നെ മതാതിഷ്ട്ടിതമായിട്ടുള്ള കാര്യങ്ങള്‍ക്കു വളരെ പ്രാധാന്യം  നല്‍കിയിരുന്നു അവിടെ. അതില്‍ പെടുന്ന ഒന്ന് നമസ്കാരമാണ്.  അതിനായി  സ്കൂള്‍ അങ്കണത്തില്‍ തന്നെ ഒരു വലിയ പള്ളിയും ഉണ്ട്. അഞ്ചുനേരത്തെ നമസ്കാരങ്ങളില്‍ രണ്ടെണ്ണത്തിന്റെ സമയം ഞങ്ങള്‍ സ്കൂളില്‍ ഉണ്ടായിരിക്കുമ്പോഴായിരുന്നു, അതായത് ഒന്ന് ഉച്ചക്കും മറ്റൊന്ന് ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷവും. ഉച്ചക്കുള്ള നമസ്കാരം എല്ലാവരും അനുഷ്ഠിച്ചിരുന്നു. അതിനുവേണ്ടിയുള്ള സമയം നമുക്ക് ഇന്റര്‍വെല്ലിനു തന്നിരുന്നു. എന്നാല്‍ വൈകീട്ട് നമസ്കരിക്കാന്‍ പലര്‍ക്കും വലിയ ബുദ്ധിമുട്ടായിരുന്നു! എത്രയും പെട്ടന്ന് വീട്ടിലേക്കെത്തനായി നമസ്കാരത്തില്‍ നിന്ന് രക്ഷപ്പെടും. അങ്ങനെയുള്ള രക്ഷപ്പെടലുകള്‍ കൂടിയപ്പോളാന്നു സ്കൂള്‍ അധികൃതര്‍ ഒരു തീരുമാനമെടുത്തത്.  അതായതു വൈകീട്ടുള്ള നമസ്കാരത്തിന് ശേഷം മാത്രമേ സ്കൂളിന്റെ ഗേറ്റ് തുറക്കുകയുള്ളു എന്ന്‍...! ഈ നടപടി അന്ന് പ്ലസ്‌ ടുവില്‍ പഠിച്ചിരുന്ന ഏട്ടന്മാരെപ്പോലെത്തന്നെ ഞങ്ങള്‍ കുറച്ചു കുട്ടികളെയും മോശമായി ബാധിച്ചിരുന്നു.

ഏക്കര്‍ കണക്കിന് സ്ഥലത്താണ് എന്റെ സ്കൂള്‍ കോമ്പൌണ്ട് നിലനിന്നിരുന്നത്. അതില്‍ സ്കൂള്‍ മാത്രമായിരുന്നില്ല... മറ്റു ഡിഗ്രി കോഴ്സുകളും  ഉണ്ടായിരുന്നു. ഇവരെ എല്ലാവരെയും നമസ്കരിപ്പിച്ചിട്ടേ സ്കൂളിന്റെ മഹാകാവടം തുറന്നിരുന്നുള്ളൂ. കുട്ടികളെല്ലാവരും പള്ളിയിലോട്ട് പോകുന്നുണ്ടെന്ന് ഉറപ്പു വരുത്താനായി മൂന്നു നാല് അധ്യാപകരെയും ചുമതലപ്പെടുത്തിയിരുന്നു. അതില്‍ പ്രധാനി ഹബീബ് സാറായിരുന്നു. അന്ന് ഞങ്ങളില്‍ പലര്‍ക്കും വളരെ  പേടിയുണ്ടായിരുന്ന  സാറായിരുന്നു അദ്ദേഹം. കൈയ്യില്‍ ചൂരലുമായിട്ടു സാര്‍ ക്ലാസ്സു കഴിഞ്ഞാല്‍ നടക്കുമായിരുന്നു, വെറുതെ പള്ളിയില്‍ പോകാതെ ചുറ്റിതിരിയുന്നവരെ   പള്ളിയിലേക്കോടിക്കാന്‍. പക്ഷെ ഹബീബ് സാറിനെപ്പോലും വെട്ടിച്ചു സ്കൂള്‍ ഗ്രൗണ്ടിന്റെ അരികത്തുള്ള മതില്‍ ചാടി പോകുന്ന ഏട്ടന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്.

ഇനി നമസകാരത്തെക്കുറിച്ച് പറയാം. പള്ളിയില്‍ നമസ്കാരം നടക്കുക ഒരു വ്യക്തിയുടെ നേതൃത്തത്തിലാണ്. ആ വ്യക്തിയെ 'ഇമാം' എന്നു വിളിക്കും. ഇമാമിന് പുറകെയാണ് ബാക്കിയുള്ളവര്‍ നില്‍ക്കേണ്ടത്, വരിവരിയായിട്ട്‌.  ഒരുപാട്  കുട്ടികളുള്ളത്കൊണ്ട്, ഒന്നിന് പുറകെ ഒന്നൊന്നായി വരികള്‍ ഒരുപാടു വരും. പിന്നെ മുകളിലത്തെ നിലയിലേക്ക് വരികള്‍ നീങ്ങും. എന്നിരുന്നാലും  ഇമാമിന്റെ പ്രാര്‍ത്ഥന മുകളിലേക്ക് വ്യക്തമായി കേള്‍ക്കാം. നമസ്കാരം കഴിഞ്ഞതിനു ശേഷം എല്ലാവരും പിരിഞ്ഞുപോകും. ഇമാം നമസ്കാരം മുഴുവിപ്പിചിട്ടേ ഇത് സാധ്യമാകു... നമസ്കാരം കഴിഞ്ഞാല്‍ വന്‍ തിരക്കായി... ബസ്‌ പിടിക്കാനുള്ള ഓട്ടവും മറ്റും. 

ഇനി ഞങ്ങളിലേക്ക്. വൈകീട്ടത്തെ നമസ്കാരത്തില്‍ നിന്ന് ഒഴിവാകാന്‍ ഞാനും കുറച്ചു കൂട്ടുകാരും എന്നും ശ്രമിക്കുമായിരുന്നു. പലപ്പോഴും ഹബീബ് സാറിന്റെ തന്നെ മുന്‍പില്‍ ചെന്ന് പെട്ടിട്ടുണ്ട്. ഇന്ന് അന്നത്തെ ആ നമസ്കാരങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ഞങ്ങള്‍ നടത്തിയിരുന്ന വന്‍ ശ്രമങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഒരു തരത്തിലുള്ള ഗൊറില്ല യുദ്ധത്തെപോലെയാണ് മനസ്സില്‍ തെളിയുന്നത്. അതിനു കാരണമുണ്ട്. ഒരുപാട് കെട്ടിടങ്ങളുണ്ട് ഞങ്ങളുടെ കോമ്പൌണ്ടില്‍.  ഓരോ  ക്ലാസ്സിനുമുണ്ട് അനേകം ഡിവിഷനുകള്‍ ... അതിനു പുറമേ കുട്ടികളെ കൊണ്ടുപോകാനായി വാനുകളും ജീപ്പുകളും ഉണ്ട്. വൈകീട്ട് ആകെ തിരക്കാണ്.  ഞങ്ങള്‍ ഓടിയും ഒളിച്ചും സാറെന്മാരില്‍നിന്നു രക്ഷപ്പെടുമായിരുന്നു.  ഒരു ബില്ടിങ്ങില്‍ നിന്ന് മറ്റൊന്നിലേക്കു, താഴത്തെ നിലയില്‍ നിന്ന് മുകളിലേക്ക്... അങ്ങനെ അങ്ങനെ...  ഞങ്ങള്‍ക്ക്  ഗേള്‍സ്‌ ടോയിലെറ്റില്‍ വരെ പലപ്പോഴും ഒളിക്കേണ്ടി വന്നിട്ടുണ്ട്. ഹബീബ് സാറില്‍ നിന്ന് രക്ഷപ്പെടാനായി ആ ഒരു  സമയത്ത് എത്രയോ വിയര്‍ത്തിരിക്കുന്നു, എത്രയോ ശ്വാസം പിടിച്ചു നിന്നിരിക്കുന്നു. എനിക്കോര്‍മയുണ്ട് ഒരിക്കല്‍ ഞങ്ങള്‍ ടോയിലെറ്റില്‍  ഒളിച്ചിരിക്കവെ സാറ് വന്നു... ആ നിമിഷങ്ങളില്‍ ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നത്  രണ്ടേ രണ്ടു ശബ്ദങ്ങളിയിരുന്നു; ഹബീബ് സാറിന്റെ ശൂസിന്റെയും ഞങ്ങളുടെ ഹൃദയമിടിപ്പിന്റെയും... ആരുടെയൊക്കെയോ 'ഗുരുത്വം' കൊണ്ട് അന്ന് ഞങ്ങള്‍  പിടിക്കപ്പെട്ടില്ല. ഇല്ലെങ്കില്‍ പിറ്റേന്ന് മുതല്‍ സ്കൂള്‍ മുഴുവന്‍ പാട്ടായേനെ...  നാലാം ക്ലാസ്സിലെ കുട്ടികളെ ഗേള്‍സ്‌ ടോയിലെറ്റില്‍ നിന്ന് പിടിച്ചു എന്നു!  ഇന്ന് തോന്നുകയാണ്‌ ഒന്ന് നമസ്കരിക്കാന്‍  അത്ര  കഷ്ടപ്പാടില്ലായിരുന്നല്ലോ എന്നു! എന്റെ വാനിന്റെ സീറ്റിനടിയിലും ഞാന്‍ ഒളിച്ചിട്ടുണ്ട്... ഹബീബ് സാര്‍ അടിച്ചോടിച്ചിട്ടുമുണ്ട്.   

 ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷം ഇതുപോലുള്ളൊരു സാഹസിക മുന്നേറ്റം നടന്നുകൊണ്ടിരിക്കുകയാണ്. ഇടയ്ക്കു ഞാനും കൂട്ടുകാരും ഒരു കുരുക്കില്‍ പെട്ടു.  ഞങ്ങള്‍ ഒളിച്ചിരുന്ന  ബില്ടിങ്ങിനു താഴെ ഹബീബ് സാര്‍ ചൂരലുമായി കറങ്ങി നടക്കുന്നു. എല്ലാവരും സാറിനെ വീക്ഷിക്കുകയാണ്. പള്ളിയില്‍ നമസ്കാരം കഴിയാന്‍ ഇനി ഏതാനും നിമിഷമേ ബാക്കിയുള്ളൂ. നമസ്കാരം കഴിയുന്നതും ഞങ്ങള്‍ക്ക് രക്ഷപ്പെട്ടേ മതിയാകൂ. ആദ്യം വണ്ടി പിടിക്കണമല്ലോ. ഇനി ഹബീബ് സാര്‍ താഴെ നിന്ന് പോയില്ലെങ്കില്‍ അതിലും വലിയ പ്രശ്നമാകും. ഈ ബില്ടിങ്ങാണെങ്കില്‍ പള്ളിയോടു ചേര്‍ന്നാണ് താനും. എല്ലാവരും രക്ഷപ്പെടാനുള്ള വഴി ആലോചിക്കുന്നുണ്ട്. നമസ്കാരം അതാ കഴിയുന്നു. ഹബീബ് സാര്‍ അല്പം  വശത്തേക്ക് മാറിയതും എല്ലാവരും ചിതറിയോടി....... ആരെങ്കിലും പിടിക്കപ്പെട്ടോ എന്നൊന്നും ആരും നോക്കിയില്ല. പക്ഷെ ബുദ്ധിമാനായ ഞാന്‍ ഓടിയത് പള്ളിയിലേ‍ക്കായിരുന്നു...! എന്നിട്ട് അതി സമര്‍ത്ഥനായി പള്ളിയില്‍ നിന്ന് വരുന്നവരുടെ കൂടെച്ചേര്‍ന്നു അവര്‍ക്കൊപ്പം പുറത്തേക്കു നടന്നു. പക്ഷെ  പടവുകളില്‍ നില്‍കുന്ന ഫൈസല്‍ സാര്‍ എന്നെ നോക്കുന്നത് സംശയത്തോടെ ആണോ എന്ന സംശയം എനിക്ക് തോന്നിത്തുടങ്ങി. ഫൈസല്‍ സാറാണ് അന്ന് ഞങ്ങളുടെ ക്ലാസ്സില്‍ ഖുര്‍ആന്‍ പഠിപ്പിച്ചിരുന്നത്. എന്തായാലും ഞാന്‍  എന്റെ  നടത്തത്തിന്റെ വേഗത കൂട്ടി; നമസ്കാരം കഴിഞ്ഞു, പെട്ടന്ന് വാനില്‍ കയറണം എന്ന ഭാവത്തില്‍...  
                                                                
ഞാന്‍ ഫൈസല്‍ സാറിന്റെ അടുത്തെത്തിയതും അദ്ദേഹം ചെറിയ ഒരു ചിരിയോടുകൂടി എന്റെ തോളില്‍ കൈവച്ചിട്ടു കൂടെ നടന്നു... എന്നിട്ട് ചോദിച്ചു, "ലുഖ്മാന്‍ നിസ്കരിച്ചോ?". ഞാന്‍ പതറാതെ ഉത്തരം പറഞ്ഞു, "ഉം.. സാര്‍.. ഞാന്‍ പള്ളിയില്‍ നിന്നാണ് വരുന്നത്". സാര്‍ എന്റെ തോളില്‍ കൈവെച്ചു എന്റെ  കൂടെത്തന്നെ നടക്കുകയാണ്. വീണ്ടും ചോദിച്ചു, "ആരാ ഇന്ന് ഇമാം നിന്നത്?"  അവിടെ ഞാന്‍ പതറിപ്പോയി... കാരണം ആ സമയത്തെ നമസ്കാരത്തിന്  മിക്കവാറും ഇമാമായി നില്‍ക്കാറുണ്ടായിരുന്നത് ഞങ്ങളെ ഒക്കെ  പഠിപ്പിക്കുന്ന  ഏതെങ്കിലും സാറുമാര്‍ തന്നെയായിരുന്നു!  അതുകൊണ്ട് തന്നെ അവരെ ഒക്കെ ഞങ്ങള്‍ക്ക് നന്നായി അറിയാവുന്നതുമാണ്. എങ്കിലും ഞാന്‍ ചിരിച്ചുകൊണ്ട് തന്നെ മറുപടി നല്‍കി, "സാര്‍, ഞാന്‍ മുകളിലത്തെ നിലയിലായിരുന്നു, ഇമാമിനെ കണ്ടില്ല". എന്നെ കുറച്ചു കൂടി ചേര്‍ത്ത് വച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു, "എന്നാ ശബ്ദം കേള്‍ക്കുമല്ലോ...? എന്നിട്ടും മനസ്സിലായില്ലാ ?" ആ ചോദ്യത്തില്‍  പൂര്‍ണമായും ഞാന്‍ തകര്‍ന്നു. എന്റെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരിക്കുന്നത്  എനിക്കപ്പോള്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു. പക്ഷെ ഞാന്‍ ആദ്യത്തെ നുണ പറയുമ്പോള്‍ തന്നെ ഫൈസല്‍ സാര്‍ ഈ മിടിപ്പ് കേട്ടിരിക്കണം. ഞാന്‍ സാറിനെ ദാരുണമായി നോക്കി നില്‍കേണ്ടി വന്നു... ഫൈസല്‍ സാര്‍ എന്റെ പുറത്തു വാല്സല്യത്തോടെന്നപോലെ ഒന്ന് തട്ടിക്കൊണ്ടു പറഞ്ഞു, "സാരമില്ല... വീട്ടില്‍ എത്തിയ ഉടനെ നമസ്കരിക്കണംട്ടോ... പിന്നേ... നുണ പറയരുതുട്ടോ..." 

മൂകനായി ഞാന്‍ നടന്നു...
ഹബീബ് സാറിനെപ്പോലെ ഫൈസല്‍ സാര്‍ എന്നെ ചൂരലുകൊണ്ട് ഒന്ന് അടിക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ  എനിക്കന്നത്ര വിഷമം ഉണ്ടാകുമായിരുന്നില്ല... പക്ഷെ അദ്ദേഹത്തിന്റെ  അന്നത്തെ ആ സമീപനം എന്നെ വല്ലാതെ കീഴ്പെടുത്തിക്കളഞ്ഞു. 

ഒരു വലിയ മാതൃകയല്ലേ അന്ന് എന്റെ സാര്‍ എനിക്ക് കാണിച്ചു തന്നത്? ഇന്ന് മതാനുഷ്ട്ടാനങ്ങളുടെ പേരില്‍ സമൂഹത്തെ തളച്ചിടുന്ന മതപണ്ടിതരുടെ മുമ്പില്‍ എന്നെ അന്ന് ഖുര്‍ആന്‍ പഠിപ്പിച്ചിരുന്ന എന്റെയാ അധ്യാപകന്‍ എത്രയോ വലിയവന്‍... 

Sunday, February 21, 2010

ഞാന്‍...

ഞാന്‍ മറ്റൊരുവനാണ്.
അല്ല, ഇവിടെ ഞാന്‍ ഉണ്ണി ആകാന്‍ ആഗ്രഹിക്കുന്നു.
സ്വീകരിച്ചാലും.  

സാധാരണക്കാരനല്ല ഞാന്‍. കാരണം അവനിലേറെ നന്മയും, അവനിലേറെ തിന്മയും, എന്നിലടങ്ങിയിരിക്കുന്നു.
അവനു നിസ്സാരം എന്ന് തോന്നുന്നത് എന്തുകൊണ്ടോ എനിക്ക് അമൂല്യമായി തോന്നുന്നു... ഒരുപക്ഷെ എന്നില്‍ അഭയം പ്രാപിച്ചിട്ടുള്ള ഓര്‍മ്മകള്‍ ആകാം അത്. Sentiments എന്നതിലൊന്നും ഒരു കാര്യമില്ലെന്നും, ഇരുപതു വയസ്സിനുള്ളില്‍ ഇദ്ദേഹത്തിനു എന്ത് ഓര്‍മ്മകള്‍ ആകാം ഉണ്ടായിരിക്കുക എന്നും പരിഹസിക്കാന്‍ തോന്നുന്നവര്‍ സാധാരണക്കാരില്‍ പെടുന്നു. അവരോടു എനിക്കൊന്നും പറയാനില്ല.

ഞാന്‍ മറ്റൊരുവനാണ്.
പാവം ഉണ്ണി.
പുറം ലോകത്തിനു പൂര്‍ണമായും വ്യക്തമല്ലാത്ത ഒരു 'ഉണ്ണി' !