Saturday, January 23, 2016

ഇത്തിക്കണ്ണി


രാത്രിയുടെ മൂകതയിൽ വാചാലമാകുന്നിതാ ഇവിടെയെന്നുള്ളം, തനിയെ.
കുഞ്ഞുങ്ങളെപ്പോൾ നാം പുഞ്ചിരിക്കുന്നിതാ എന്നോർമകളുടെ താളുകളിൽ.
പണ്ട് നിന്നിൽ പടർന്നു കയറിയ ഇത്തിക്കണ്ണിയെ നീ അടർത്തി മാറ്റിയിട്ടും,
അത് നിന്നിൽ തന്നെ പടരുവാൻ കൊതിക്കുന്നിതാ വീണ്ടും!
കാലം പക്ഷെ നിന്റെ ശിഖരങ്ങളെ അതിനപ്പ്രാപ്യമാം വിധം ഉയരങ്ങളിൽ എത്തിച്ചിരിക്കാം!
മൈലാഞ്ചിമണമുള്ളൊരു അഭയാർഥിയെ നിൻറെ വലിയ ശിഖരങ്ങൾക്കിന്ന് തിരിച്ചറിയായ്കയുമുണ്ടാവാം! 
നിന്റെ കറുത്ത മറുകുകളെ നെല്ലിക്കാമണമുള്ള നിൻറെ ഉടലിനെ നീയേകിയ തണലിനെ ഓർത്തിരിക്കുന്നിതാ പടരാൻ കഴിയതൊരിത്തിക്കണ്ണി!
എൻറെ എളിയ സർഗക്ഷേത്രത്തിലേക്ക് പുലർക്കാലത്തിൻ സൗന്ദര്യം നേദിച്ചു തന്ന നിന്നെ നന്ദിപൂർവ്വം ഓർത്തുകൊണ്ട്, ഇവിടെ ഞാനിതാ നിശ്ചലനായി പുലരുവാൻ കാത്തിരിക്കുന്നു!
അന്ന് നിനക്ക് ശ്വസിക്കാൻ സാധിക്കാത്ത വിധം നിന്നിലേക്ക്‌ പടർന്ന ഇത്തിക്കണ്ണിയെ ഓർക്കുവാനോ  വെറുക്കുവാനോ നിനക്ക് നേരമില്ലെന്നറിയായ്കയുമില്ല!
എങ്കിലും,
നാം ജീവിക്കുന്നത് മറ്റുള്ളവരുടെ ഉള്ളിലാകവേ, ആ ജന്മത്തിന് സൗന്ദര്യമേറും...
മൺമറഞ്ഞവരെ നാം ഓർക്കവെ, അവരുടെ ആത്മാക്കൾ സന്തുഷ്ട്ടരാകാനിടയില്ലേ!?
    

(ഇത്തിക്കണ്ണി : പേരറിയാത്തൊരു നോവറിഞ്ഞ കവിയുടെ ആശയം എൻറെ താളുകളിലേക്ക് എത്തിച്ചേർന്നിരുന്നു, അവർ മുഖാന്തരം. അയാളെ സ്മരിക്കാതെയും വയ്യ!)