Tuesday, November 13, 2012

ആരറിയുന്നു!

നിന്‍റെ അമ്മയുടെ കണ്ണീര്‍ നിനക്ക് വേണ്ടി വീണതിനേക്കാള്‍ 
എന്‍റെ അമ്മ ഈ എന്നെ ഓര്‍ത്ത് കരഞ്ഞതിനേക്കാള്‍ 
ഒരല്‍പം ഏറെ 
എന്‍റെ കണ്ണീര്‍ നിനക്ക് വേണ്ടി വീണിട്ടുണ്ടെടോ. 

Sunday, November 4, 2012

ആചാര്യന്

താങ്കളെക്കുറിച്ച് ഓര്‍ക്കാറുണ്ട് ഞാന്‍.
പലപ്പോഴും തോന്നിയിട്ടുണ്ട്, ഞാന്‍ -
തന്നെയാണ് നിങ്ങള്‍ എന്ന്. പക്ഷെ,
എന്നേക്കാള്‍ കൂര്‍മ്മബുദ്ധിയും 
വക്രബുദ്ധിയും കാപട്യവും നിങ്ങള്‍ക്കുണ്ട്.
എന്നിരുന്നാലും അനാദരവ് തോന്നിയിട്ടില്ല.
ഒരുപക്ഷെ വരുംകാലങ്ങള്‍ എന്നെ പഠിപ്പിച്ചേക്കാം,
നിങ്ങളെപ്പോലെ ആവേണ്ട ആവശ്യകതയെക്കുറിച്ച്.
ഒരു കാര്യം ഉറപ്പ് തന്നെ,
ഞാനും  താങ്കളും ഒരേപോലെ ദുര്‍ബലര്‍,
സ്നേഹരാഹിത്യത്തില്‍ അതിതീവ്രമായി നോവുന്ന 
വെറും ദുര്‍ബലചിത്തര്‍ !
കാരണം, ഞാനും നിങ്ങളും ഏറ്റവും ആഗ്രഹിച്ചതും,
കൈവരിക്കാന്‍ സാധിക്കാത്തതുമായത് ഒന്ന്‍  തന്നെയാണ്, 
സ്നേഹം !

ജന്തു


അഭയം തേടി നിന്‍റടുക്കലെത്തിച്ചേര്‍ന്ന,
നിരാലംബനായ ഒരു പാവം ജന്തുവിന്‍റെ
ശിരസ്സ് -
പാതി ഛേദിച്ച്,
അലയാനയച്ച്,
നിര്‍ലജ്ജം ഗാഢ നിദ്രയില്‍ മുഴുകുന്ന
നീ, ഒരു യക്ഷിയല്ലാതെ വേറെയാര്‌?
രക്തവും കണ്ണീരും വാര്‍ന്ന്‍, അത്
ചത്തുവീഴുക ഒരുപക്ഷെ നിന്‍റെ
ഗുഹാമുഖത്തുതന്നെയായിരിക്കും.
നേരം പുലരുമ്പോള്‍ കണ്‍കുളിര്‍ക്കെ
കണ്ടുകൊള്‍ക, ശേഷം,
ചോരവാര്‍ന്നുണങ്ങിയ ആ മണ്ണും
നീ നക്കിത്തുടച്ചുകൊള്‍ക,
നിന്‍റെ പൂമുഖത്ത്
ചോരയുടെ ചുവപ്പരുതല്ലോ...!