Sunday, November 27, 2016

മെഴുകുതിരി


ഏതു നിമിഷവും കെട്ട് പോകാവുന്ന,
പാതുകാപ്പിനായി ആയുധം പോയിട്ട്
കരങ്ങൾ പോലുമില്ലാത്ത
ഒരു മെഴുകുതിരിയാണു ഞാൻ!

ഏതോ ഒരു നിലക്ക്, നീയും!

നമ്മിലൊരാൾ എന്നെന്നേക്കുമായി അണയും മുമ്പ്
ഒന്നായ്ചേർന്ന്എരിഞ്ഞു തീരാം, വീണ്ടും നമുക്കൊന്ന്?

Wednesday, September 14, 2016

ശില


ചില ജന്മങ്ങൾ ശിലകളാണ്!
മറ്റാരുടെയൊക്കെയോ ചിതലരിച്ച ചില അദ്ധ്യായങ്ങൾക്ക്
ശിലാസ്മാരകങ്ങളാകുവാൻ നിയോഗിക്കപ്പെട്ടവ!

Monday, August 29, 2016

ചുടുതുള്ളി


എന്നുള്ളമൊരുതുള്ളിയായ്
നിൻ കവിളിൽ വീണാൽ,
ഇന്നും ചുട്ടുപൊള്ളും
നിൻ കവിൾതടങ്ങൾ!
ഋതുഭേദങ്ങളിലും അതൊരു
ചുടുതുള്ളിയായ് തന്നെ
നിലകൊള്ളുകയെന്നതതിൻ
നിയോഗമത്ത്രെ!

Wednesday, June 15, 2016

ഉത്തരം?


കൊക്ക് ഒറ്റക്കാലിൽ നിൽക്കുന്നതെന്തുകൊണ്ട്?
ഉറങ്ങുകയണത്രേ അത്... !
അന്ന് ഞാൻ എന്റെ ഇടത് കാൽകൊണ്ട് നിന്നെ ബന്ധിതയാക്കിയത്  എന്തിനായിരിക്കും?
ചില ഉത്തരങ്ങൾ നമുക്ക് കാലമായിരിക്കും അറിയ്ച്ചുതരിക!
ചോദ്യങ്ങൾ നമ്മൾ ചോദിക്കാതിരുന്നാലും, ഉത്തരങ്ങൾ നമ്മെ തേടി വരും!

ദൈവത്തെ ഞാൻ സ്തുതിച്ചിട്ടുണ്ട്!


നിന്നധരങ്ങളെ ചുംബിച്ച് ചുംബിച്ച് ക്ഷീണിച്ച ഞാൻ,
വീണ്ടും നിന്നിലേക്കിരച്ചു കയറുന്നതോർത്ത് -
കൗതുകത്തോടെ അമ്പരന്ന അനുഗ്രഹീതമാം നിമിഷങ്ങളിൽ,
ദൈവത്തെ ഞാൻ സ്തുതിച്ചിട്ടുണ്ട്!

Friday, May 20, 2016

സാഗരവും ഞാനും


തുറമുഖം വിട്ട് വിശാലസാഗരങ്ങൾ താണ്ടാൻ നിർനിദ്രം വെമ്പുന്ന കപ്പലാണു ഞാൻ.
നാലായ് തെറിക്കാതെ ഏതെങ്കിലുമൊരു കരപറ്റാൻ ദിശ തേടുന്ന ചങ്ങാടവും!

Saturday, January 23, 2016

ഇത്തിക്കണ്ണി


രാത്രിയുടെ മൂകതയിൽ വാചാലമാകുന്നിതാ ഇവിടെയെന്നുള്ളം, തനിയെ.
കുഞ്ഞുങ്ങളെപ്പോൾ നാം പുഞ്ചിരിക്കുന്നിതാ എന്നോർമകളുടെ താളുകളിൽ.
പണ്ട് നിന്നിൽ പടർന്നു കയറിയ ഇത്തിക്കണ്ണിയെ നീ അടർത്തി മാറ്റിയിട്ടും,
അത് നിന്നിൽ തന്നെ പടരുവാൻ കൊതിക്കുന്നിതാ വീണ്ടും!
കാലം പക്ഷെ നിന്റെ ശിഖരങ്ങളെ അതിനപ്പ്രാപ്യമാം വിധം ഉയരങ്ങളിൽ എത്തിച്ചിരിക്കാം!
മൈലാഞ്ചിമണമുള്ളൊരു അഭയാർഥിയെ നിൻറെ വലിയ ശിഖരങ്ങൾക്കിന്ന് തിരിച്ചറിയായ്കയുമുണ്ടാവാം! 
നിന്റെ കറുത്ത മറുകുകളെ നെല്ലിക്കാമണമുള്ള നിൻറെ ഉടലിനെ നീയേകിയ തണലിനെ ഓർത്തിരിക്കുന്നിതാ പടരാൻ കഴിയതൊരിത്തിക്കണ്ണി!
എൻറെ എളിയ സർഗക്ഷേത്രത്തിലേക്ക് പുലർക്കാലത്തിൻ സൗന്ദര്യം നേദിച്ചു തന്ന നിന്നെ നന്ദിപൂർവ്വം ഓർത്തുകൊണ്ട്, ഇവിടെ ഞാനിതാ നിശ്ചലനായി പുലരുവാൻ കാത്തിരിക്കുന്നു!
അന്ന് നിനക്ക് ശ്വസിക്കാൻ സാധിക്കാത്ത വിധം നിന്നിലേക്ക്‌ പടർന്ന ഇത്തിക്കണ്ണിയെ ഓർക്കുവാനോ  വെറുക്കുവാനോ നിനക്ക് നേരമില്ലെന്നറിയായ്കയുമില്ല!
എങ്കിലും,
നാം ജീവിക്കുന്നത് മറ്റുള്ളവരുടെ ഉള്ളിലാകവേ, ആ ജന്മത്തിന് സൗന്ദര്യമേറും...
മൺമറഞ്ഞവരെ നാം ഓർക്കവെ, അവരുടെ ആത്മാക്കൾ സന്തുഷ്ട്ടരാകാനിടയില്ലേ!?
    

(ഇത്തിക്കണ്ണി : പേരറിയാത്തൊരു നോവറിഞ്ഞ കവിയുടെ ആശയം എൻറെ താളുകളിലേക്ക് എത്തിച്ചേർന്നിരുന്നു, അവർ മുഖാന്തരം. അയാളെ സ്മരിക്കാതെയും വയ്യ!)