Monday, December 29, 2014

വാപ്പുട്ടി മൂത്താപ്പയെ ഓർത്ത്പോയ രാത്രി


ഗൾഫ്‌കാരനായിരുന്ന ഒരാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരവെ,
എയർപോർട്ടിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്തർ പെട്ടി തുറന്നു പരിശോധിക്കണം എന്ന് പറഞ്ഞത്രേ. അപ്പോൾ വാപ്പുട്ടി മൂത്താപ്പ അവരോടു പറഞ്ഞതെന്തെന്നോ? "ജീവിച്ചിരുന്ന കാലത്ത് ഓരോ തവണയും നിങ്ങൾക്കൊക്കെ ഒരുപാട് തന്നിട്ടുള്ള ഒരാളാണ് ഇതിൽ കിടക്കുന്നത്. മരിച്ചാലെങ്കിലും ഒന്ന് വെറുതെ വിട്ടുകൂടെ?"

നാട്ടിൽ ഞാനെത്തി രണ്ടാമത്തെ ഈ രാത്രിയുടെ ഈ നിമിഷങ്ങളിൽ, എന്റെ മുറിയിൽ, ശൂന്യത പോലെ എന്തൊക്ക്യോ അനുഭവപ്പെട്ട് വിതുമ്പി കരഞ്ഞുതുടങ്ങവേ, ഞാൻ ആരോടോ ചോദിച്ചുപോയി, "ഇതേ മുറിയിലുള്ളപ്പോൾ ഞാൻ ഒരുപാട് രാത്രികൾ കരഞ്ഞിട്ടുള്ളതല്ലേ? കരയിച്ചിട്ടുള്ളതല്ലേ? ഇനിയെങ്കിലും എന്നെ വെറുതെ വിട്ടുകൂടെ?"

പോയിമറഞ്ഞവരെ, നിങ്ങൾ സുഖമായുറങ്ങുവിൻ.

Sunday, December 14, 2014

നിരായുധനായ ഞാൻ


നിരായുധനായ എന്നെ -
താൻ കീഴ്പ്പെടുത്തിയത് -
ആത്മരക്ഷാർഥം അരയിൽ കഠാരയൊളിപ്പിച്ചു നീങ്ങിയിരുന്ന -
പാവം അയാളുടെ മടിത്തട്ടിൽ അഭയം പ്രാപിച്ചുകൊണ്ടാണ്.
അതിർവരമ്പുകളില്ലാത്ത നിങ്ങളുടെ അസാധാരണമാം പ്രയാണം -
ഒരുപക്ഷെ തനിക്ക് മുറിവേൽപ്പിച്ചേക്കാം.
ആ മുറിവ് താൻ ഒരു സുഖമായി തന്നെ കരുതിയേക്കാം.
തന്റെ സ്നേഹത്തിന്റെ അഗാതമാം ആഴങ്ങൾ എനിക്കറിയാമല്ലോ! 
പക്ഷെ, തനിക്ക് മുറിവേൽക്കുന്നത് ഈ പരാജിതന് സഹിക്കില്ലെന്നത് യാഥാർത്ഥ്യം.

ഞാൻ പഠിച്ച ആയോധനകലയിൽ ആയുധങ്ങളില്ലായിരുന്നു.
എന്നെ എനിക്ക് വെറുoകയ്യാൽ രക്ഷപ്പെടുത്താനറിയാം.
ഞാൻ തന്നെയാണ് താൻ എന്നതിനാൽ നിങ്ങളുടെ രക്ഷയും എന്നിൽ നിക്ഷിപ്തം, ഭദ്രം.
ഈ നിരായുധനിൽ താൻ ലയിച്ചിരുന്നെങ്കിലും മുറിവുകളുണ്ടായിരുന്നേക്കാം.
പക്ഷെ, ആ മുറിവുകളത്രയും എന്റെ ശ്വാസത്താലും എന്റെ ശബ്ദത്താലും എന്റെ കുഞ്ഞുവിരലുകളാലും മാഞ്ഞുപോയേനെ...

Friday, December 12, 2014

സമാധാനം


ഈ അടുത്ത കാലത്താണ് ഞാൻ അത് മനസ്സിലാക്കിയത്, പൂർണ്ണമായും.
എന്നെ തനിച്ചാക്കി, ഉപേക്ഷിച്ച്, പോയവരെല്ലാം തന്നെ സമാധാനം തേടിയത്രേ യാത്രയായത്.

ഞാനും ആഗ്രഹിച്ചിരുന്നു അത്.
പക്ഷെ, ഞാൻ ആരിൽ നിന്നും നാളിതുവരെ പിൻവാങ്ങിയിട്ടില്ലല്ലോ...
ഞാൻ ആരെയും ഉപേക്ഷിച്ചിട്ടില്ലല്ലോ, അക്ഷമനായി വേറാരിലും അഭയം പ്രാപിചിട്ടില്ലല്ലോ...

സമാധാനം തേടിയുള്ള ഓരോർത്തരുടെയും യാത്രകളിൽ ബലിയാകാൻ വിധിക്കപ്പെട്ടവർക്ക് എന്റെ ആദരാഞ്ജലികൾ!

Thursday, December 11, 2014

അമ്പലപ്രാവുകൾ


ഒരു മുസ്‌ലിംപള്ളിയുടെ മുന്നിലെ വീട്ടുമുറ്റത്തുള്ള വലിയ മരത്തിൽ മടാളുമായി ഞാൻ കയറി.
പള്ളിമിനാരത്തിൽ ചുംബിച്ചും കളിപറഞ്ഞും സമാധാനപൂർവ്വം ജീവിക്കുന്ന അമ്പലപ്രാവുകൾ വീടിന്റെ ഓട്ടിൻപുറങ്ങളിലും വിശ്രമിക്കാൻ വരുന്നുണ്ട്. മടാളുമായി ഞാൻ ഭ്രാന്തനെപ്പോലെ അലറിവിളിച്ച് മരത്തിന്റെ ചില്ലകളൊക്കെയും അറുത്തുമാറ്റാൻ തുടങ്ങി.

ഓട്ടിൻപുറത്തുനിന്നും പള്ളി മിനാരങ്ങളിൽ നിന്നും അമ്പലപ്രാവുകൾ പരിഭ്രാന്തരായി എന്റെ തലമുകളിലൂടെ പറന്നു.
പിന്നെയാണ് ഞാൻ ഞാൻ അലറുന്നത് ശ്രദ്ധിച്ചത്, "FORGET THE PAST, LIVE THE PRESENT!", എന്നായിരുന്നു  അത്. നിർത്താതെ ഇങ്ങനെ അലറിവിളിച്ചാണ് ഞാൻ പച്ചിലകളെയും ചില്ലകളെയും അറ്റുകൊണ്ടിരുന്നത്!

ഞാൻ അറുത്തു മാറ്റുന്ന ചില്ലകളിലെവിടെയൊക്കെയോ അവരുടെ കൂടുകളുണ്ടായിരുന്നു.
അത് തിരിച്ചറിഞ്ഞ ഒരു നിമിഷം നിശബ്ദനായി ഞാൻ മുകളിലേക്ക് നോക്കി. ഇണപ്രാവുകളാണെന്നു തോന്നുന്നു, അവർ എന്റെ മടാളിനാൽ ഇല്ലാതാകാനിരിക്കുന്ന അവരുടെ കൂടിനെനോക്കുന്നതായ് തോന്നി.
തൊട്ടടുത്ത നിമിഷം  തന്നെ ഞാൻ വീണ്ടും കുപിതനായി അവരോടലരി, "FORGET THE PAST, LIVE THE PRESENT!", എന്റെ മടാളുകൊണ്ട് അവരുടെ കൂടിനെ ചൂണ്ടിയാണ് ഞാൻ അത് ഗർജ്ജിച്ചത്.
എന്നിട്ട് അവരുടെ കൂടിരിക്കുന്ന ആ ചില്ലയും ഞാൻ ആഞ്ഞുവെട്ടി.

അവർ ഞാൻ പറഞ്ഞതും ചെയ്തതും മനസ്സിലാക്കി പറന്നകന്നത് പോലെ തോന്നിയെനിക്ക്!
പറന്നകലുബോൾ ആണ്‍പ്രാവാണെന്നു തോന്നുന്നു ഇണയോട് പറഞ്ഞത്, "FORGET THE PAST, LIVE THE PRESENT!!!".
ആണ്‍പ്രാവ്  മനസ്സിലാക്കിയിരിക്കും അവരുടെ കൂട് എന്നത് "PAST" ആണ് എന്നത്!

എന്തായാലും എനിക്ക് സന്തോഷമായി! അവർക്ക് മനസ്സിലായല്ലോ ഞാൻ പറഞ്ഞത്! ഞാൻ എന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അത് വരെ! സന്തോഷത്തോടെ ഞാൻ ഉറക്കമുണർന്നു!

വൈഷാഖിന്റെ ലാപ്ടോപ് എടുത്തു ടൈപ്പ് ചെയ്യാനൊരുങ്ങി.
രണ്ടു ദിവസത്തിന് ശേഷം PUBLISH ചെയ്യാൻ പോകുന്നതിനു മുമ്പാണ് ആ സംശയം തോന്നിയത്, "അമ്പലപ്രാവുകൾ മരച്ചില്ലയിൽ കൂടുകൂട്ടുമോ...!?"

Thursday, December 4, 2014

മരുഭൂമിയിലെ പ്രഥമ പ്രവാസം


അയാളെ അറിയുന്നവർക്ക് നിശ്ചയമുണ്ടായിരുന്നു -
വിശപ്പിനോ വെയിലിനോ അയാളൊരിക്കലും കീഴ്പ്പെടുകില്ല എന്ന്.

മരുഭൂമിയിലെ വെയിൽ ചൂടാകുന്നതിൻറെ ആരംഭത്തിലായിരുന്നു അയാൾ അവിടെയെത്തിച്ചേർന്നത്. 
ചൂടിന്റെ തീക്ഷ്ണതയത്രയും പരാതിമന്യേ അനുഭവിച്ച്, 
അതിനെയത്രയും അതിജീവിച്ച്‌, എന്നാൽ -
മണലാരണ്ണ്യങ്ങളിൽ തണുത്ത കാറ്റടിക്കാൻ തുടങ്ങുന്നതോടുകൂടി,
അയാൾക്ക് അവിടം വിടേണ്ടി വന്നു.
കൊടുംചൂടിൽ നടന്ന്തേഞ്ഞ അയാളുടെ കാൽപാദങ്ങൾക്ക് -
അങ്ങിനെ, തണുപ്പനുഭവിക്കാൻ യോഗമുണ്ടായില്ല!  

ഒരു പുഞ്ചിരിയോടെ അയാൾ ഓർത്തു -
തന്റെ പ്രണയവും പ്രഥമ പ്രവാസവും ഒരേ മഷിയിൽ എഴുതിയ ദുരന്ത കാവ്യങ്ങളെപ്പോലെ എന്ന്...