പകയില്ലെന്നു പിന്നീട് നിങ്ങൾ പറഞ്ഞെങ്കിലും -
നിങ്ങൾക്കുള്ളിൽ പക മറഞ്ഞു നിൽക്കുന്നു, ഇന്നും.
എനിക്ക് നോവുമെന്നറിഞ്ഞിട്ടും,
നിങ്ങളെന്തിനെന്നെയറിയിച്ചവർക്കൊപ്പം അർദ്ധബോധത്തിൽ സഞ്ചരിച്ചു?
നിങ്ങളെ അത്യുന്നതങ്ങളിൽ കൊണ്ടെത്തിക്കുവാൻ,
അവിടെ നിങ്ങളോടൊത്തു നടനമാടുവാൻ, സുരക്ഷിതമായി ചുരമിറങ്ങുവാൻ,
എനിക്കിനിയും സാധിക്കയില്ലെന്ന് നിങ്ങളുടെ പുതിയ ചിന്തകൾ മന്ത്രിച്ചുവോ?
എന്റെ ഭ്രാന്തിന്റെ പരിസമാപ്തിയിൽ മാത്രം-
എന്നിലേക്കെത്തിച്ചേർന്ന നിങ്ങളോട് -
എന്റെ ഭൂതകാലം ചെയ്ത തിരസ്കരണം,
ഇനിയും പൊറുത്തു തന്നുകൂടെ?
അത് കാലചക്രത്തിന്റെ ഘടനയാണെന്നും,
അതിൽനിന്നെനിക്കോ നിങ്ങൾക്കോ ഒരുപോലെ രക്ഷയില്ലെന്നും കണ്ട്,
എന്നോട് പൊറുത്തു തന്നുകൂടെ?
എന്നെ നോവിക്കാതിരുന്നുകൂടെ?
നിങ്ങൾ എന്റെതാകയാൽ,
സ്വാർത്ഥനായ എനിക്ക് നോവും -
എന്നിൽ നിന്നൊരുപാടു ദൂരെചെന്നെത്തിനിൽക്കയാണ് ഇന്ന് നിങ്ങളെങ്കിലും.
നിങ്ങൾക്ക് ചുറ്റുമുള്ള വലയം സുരക്ഷിതമെന്നിരിക്കെ-
നിങ്ങൾ എത്തിച്ചേർന്ന കുടിൽ ഈയുള്ളവന്റെ കൂടായിരുന്നില്ലേ?
നിങ്ങൾ തലചായ്ച്ചുറങ്ങിയതോ, ഈ നെഞ്ചിലായിരുന്നില്ലേ?
പിന്നീടെന്തു സംഭവിച്ചു?
പിന്നീട്,
ഞാൻ യാഥാര്ത്യത്തിന്റെ ഇരയാകുകയും,
നിങ്ങൾ നിങ്ങളുടെ തനത് ഭ്രാന്തിനോട് നീതി പുലർത്തി മറ്റൊരു ശിഖരത്തിൽ ചെന്ന് പറന്നുയരുകയും ചെയ്തു.
ഇനിയെന്ത്?
നോവനുഭവിക്കാൻ എന്റെ നെഞ്ചിനിനി വയ്യ!
പുകയിലക്കാടുകളും കഞ്ചാവു തോട്ടങ്ങളും പുകഞ്ഞുതുപ്പിയത് എന്റെ രക്തവും ബോധവും!
അമ്മയെന്ന സ്ത്രീയെ നിരാകരിക്കമാത്രം ചെയ്കയും നിങ്ങളെ സ്നേഹിച്ച് നിങ്ങളിൽ നിന്നവരുടെ അംശമെങ്കിലും നേടിയെടുക്കാനിച്ഛിച്ചതിൽ ശിഥിലമായത് എന്റെ നേർരേഖയും!
നോവനുഭവിക്കാൻ എന്റെ നെഞ്ചിനിനി വയ്യ!
നിങ്ങളുടെ ഭ്രാന്തിന്റെ പരിസമാപ്തിയിൽ നമുക്ക് കണ്ടുമുട്ടാം.
കാലചക്രo നമ്മെ വീണ്ടും കൂട്ടിയിണക്കും.
തീർച്ച!
അതുവരെ നോവിക്കാതിരിക്കുക നിങ്ങൾ നിങ്ങളെയും,
നിങ്ങൾ എന്നെയും.
സാധിക്കുമെങ്കിൽ,
എന്റെ ഭൂതകാലത്തിനു മാപ്പു നല്കുക.
നിങ്ങളുടെ ഭ്രാന്തിന്റെ പരിസമാപ്തിയിൽ നമുക്ക് കണ്ടുമുട്ടാം.
കാലചക്രo നമ്മെ വീണ്ടും കൂട്ടിയിണക്കും.
തീർച്ച!