Tuesday, November 10, 2015

പറയാത്ത കഥകൾ


പറയാത്ത കഥകളിലൊന്നിൽ പണം മടക്കിനൽകുന്ന വേശ്യയും,
അത് നിരാകരിച്ച് മടങ്ങുന്ന നായകനും ഉണ്ടായിരുന്നു.

Monday, November 2, 2015

നട്ടുച്ചനേരത്തിൽ വീണ്ടും


ഉള്ളിനെ കബളിപ്പിച്ച്‌ ചിരിക്കുകയോ, വയ്യ!
ഉള്ളിനെ കബളിപ്പിച്ച്‌ കരയുകയോ, വയ്യ!
വൈകാരിക തലങ്ങളെയൊക്കെയും ശമിപ്പിച്ച്, നിസ്വാർത്ഥതയുടെ തത്വചിന്തകളിലൂടെ സഞ്ചരിച്ച് അതിലൂടെ ഉന്മാദത്തിലെത്താൻ ശ്രമിക്കാതെയും ഇരുന്നില്ല. ഉന്മാദം വൈകാരികം തന്നെയല്ലേ! പിന്നെവിടുന്ന് മുക്തി?
പഴയൊരു സുഹൃത്ത് പറഞ്ഞതോർക്കുന്നു, "ഇയാളൊരു വികാരജീവിയാണ്".
പക്ഷെ, ആ കളം വിട്ടല്ലോ...
അധ്യായങ്ങളായാണ് ഇപ്പോൾ ജീവിച്ചു തീർക്കുന്നത്, എന്ന് തോന്നുന്നു.
ഇന്നലെകളിലും, ഇന്നും, ഒരുപക്ഷെ നാളെയിലും ചലിക്കുന്നത് ഹൃദയപൂർവ്വം തന്നെ ആയിരിക്കും.
അതിന്റെ പേരിലേൽക്കുന്ന മുറിവൊക്കെയും ഹൃദയപൂർവ്വം തന്നെ നേരിടുകയും ചെയ്യും.
ഒന്ന് ബോധ്യം, ഇന്നലെകളിലൂടെ സഞ്ചരിച്ചിന്നിൽ എത്തി നിൽക്കവേ, എന്റെ കണ്ണ് കൂടുതൽ തുറന്നിട്ടുണ്ട്,
ഹൃദയം അതിലേറെയും. പക്ഷെ, ആ വിശാലതയിലേക്ക് യുക്തി നോക്കാതെ ആരെയും ആഗമിച്ചു പരിചരിക്കുന്ന നിഷ്കളങ്കാഹങ്കാരം ഇന്ന് ശമിച്ചിരിക്കുന്നു! അതിഥികൾ സഹയാത്രികർ ഇവ്വിധം സന്ദർശകർ ഇന്നും ഇന്നലെകളെപ്പോൾ വിരളം. യാത്രയുടെ നിരർത്ഥകതയെന്ന് പറയുകവയ്യ, കാരണം യാത്ര അവസാനിക്കുന്നില്ലല്ലോ!

ഈ നട്ടുച്ചനേരത്തിൽ ദൂരെ നിന്നോ, ഖബറിൽ നിന്നോ എന്നെ ആരൊക്കെയോ പിടിച്ചു വലിക്കുന്നു, എന്റെ ഉണങ്ങുന്ന മുറിവിനെ തൊട്ടുനോക്കുന്നു - ഉണങ്ങിയോ എന്നറിയാനോ, ഉണങ്ങാതെ മുറിവ് നിലനിർത്തുവാൻ വേണ്ടി തൊട്ടുനോക്കി തൊട്ടുനിർത്തുന്നതാണോ? അറിയില്ലെനിക്ക്!
ഇതൊക്കെ ഞാൻ തന്നെയാണോ? അതെ!

അതെ!
ആണോ?
അറിയില്ലെനിക്ക്!
   

നട്ടുച്ച വരികൾ


പുലരുവാൻ തുടങ്ങുമ്പോഴേക്കും വീണ്ടും ഇരുൾ വീണു തുടങ്ങുന്നുവോ?
പുലരരുതെന്ന് ആഗ്രഹിച്ച മനോഹരമാം യാമങ്ങൾ ഇന്നലകളിൽ മാത്രം...
സഹയാത്രിക മണ്‍മറഞ്ഞുവോ? അതോ വിദൂര ധ്രുവങ്ങളിലോ?
ചരിത്രം മാച്ചുകളയും വിധം എന്നെ അവർ അറുത്തുമാറ്റിയിട്ട് കാലമേറെയായി!

വെയിലു വേണം വെളിച്ചം വേണം എനിക്ക്, കർമഫലവും വേണം.
ഫലം ഇച്ഛിക്കാതെ കർമം ചെയ്കയെന്നറിഞ്ഞിട്ടും ഞാനെന്തിനത് പ്രതീക്ഷിക്കുന്നു!

റഫീഖ് പറഞ്ഞത് പോലെ, "കുറ്റബോധം ഇല്ല, നഷ്ട്ടബോധം മാത്രം",
ഈ വൈകിയ നട്ടുച്ചയിൽ!

എന്റെ ഇന്ന് ഇന്നലകളിൽ നിന്ന് മുക്തമല്ലത്രേ!
ഞാൻ ഇന്നലകളുടെ അടിമയും അല്ലത്രേ!  

തീവ്രാനുരരാഗത്തിൻ പ്രതിഫലനം മാത്രം, ഈ ജീർണിച്ച വരികൾ!
റഫീഖ് പറഞ്ഞത് പോലെ, "കുറ്റബോധം ഇല്ല, നഷ്ട്ട ബോധം മാത്രം".