Friday, November 29, 2013

പോ.

ഭയമാണ് .
വെറുപ്പാണ് .
പകയാണ് .

ക്ഷമിക്കണം.

നിങ്ങളോട്  മാത്രമല്ല.
നിങ്ങളുടെ പേരിനോടും,
ദേശത്തോടും,
കലയോടും,
നിങ്ങളുടെ സർവ്വ ഇഷ്ട്ടങ്ങളോടും.
സന്തോഷങ്ങളോടും.

പോ.

ഭയമാണ് .



കണ്ണ് നിറയണ അസുഖം

ഈ കണ്ണ് നിറയണ അസുഖം വിടാണ്ട്  ന്റെ കൂടെണ്ടല്ലോ...
എന്താന്നറിയില്ല, മാറ്ണില്ല.

ജനനം തൊട്ടേ ള്ളതാവോ?
അല്ല,
ആവാനിടയില്ല.
പിറന്നുവീണുടൻ ഇൻക്യുബേററർന്റെ ഉള്ളിലിട്ടതാന്നെ...
അങ്ങനെ പറയ് ണു.
കരയാനൊന്നും പറ്റീട്ട്ണ്ടാവില്ല.
ജന്മം തൊട്ട്  ള്ളതാണെങ്കി മാറ്റാൻ പറ്റാണ്ട് വന്നാലോ...!

ജന്മം തൊട്ടേ കരയണ കുട്ട്യല്ല ഞാൻ.
കരഞ്ഞിട്ട്ണ്ടാവില്ല.
അപ്പൊ ന്റെ അസുഖം മാറും.
മാറ്റാൻ പറ്റും.
തീർച്ച.

Thursday, November 28, 2013

മൂകർ

അസമയത്തുള്ള അനുഗ്രഹങ്ങളും ശാപങ്ങളും മനുഷ്യനെ ഒരുപോലെ മൂകനാക്കുന്നു.
മൂകർ സംസാരിക്കാറില്ലെങ്കിലും ടൈപ്പ് ചെയ്യാറുണ്ട്.

Wednesday, August 28, 2013

കയ്യാല

ഇവിടെ ഒരു കയ്യാലയുണ്ടായിരുന്നു.

അവിടെ ജീവിച്ചിരുന്ന ഒരു വെല്ലിപ്പയുണ്ടായിരുന്നു, എനിക്ക്.
ഒരിക്കൽ,
ഒരു പീടികത്തിണ്ണയിൽ  -
ചതുരംഗം കളിച്ചുകൊണ്ടിരുന്ന അദ്ദേഹത്തെ,
നിരപ്പലകകൾ പൂട്ടുന്ന ഓടാംബലകൊണ്ട്,
പുറത്തടിച്ച് വക വരുത്താൻ ശ്രമിച്ച -
ഒരു എളാപ്പയും ഉണ്ടായിരുന്നു, എനിക്ക്.

പിൽക്കാലത്ത്,
അർദ്ധബോധത്തിൽ, അർദ്ധനഗ്നനായി,
തിമിരം ബാധിച്ച കണ്ണുകളുമായി,
നിസ്സഹായനായി,
കാൽനടയിൽ എന്റെ തറവാട്ടുവഴിയിലൂടെ കടന്നുവന്ന -
എന്റെ എളാപ്പയോട് ,
അകത്തേക്ക് കയറിയിരിക്കാനായിരുന്നു എന്റെ വെല്ലിപ്പ പറഞ്ഞത്.

പിന്നീട്,
മരണം വരെ, ഇരുവരും,
ഉറങ്ങിയത് ആ കയ്യാലയിൽ...!

_ ലുഖ്‌മാൻ.പി


"ഓടാംബലകൊണ്ടടിക്കുമ്പോഴും അവനറിയില്ല,
ഇതു  തൻ  ഒടുങ്ങാത്ത
ഓർമ്മകൾ  തൻ
ഒടുക്കത്തിൻ തുടക്കമാണെന്ന് ...!"

_ പി.വി.എം.എ. സത്താർ

Saturday, August 3, 2013

കഥ


അത്  ശരിയായിരുന്നു.
അവന്റെ എല്ലാ കഥകൾക്കും ഒരേ നിറമായിരുന്നു.

അവയെല്ലാം, പക്ഷെ, പ്രണയ കഥകളായിരുന്നു.
അല്ലെങ്കിൽ, പ്രണയ കഥകൾ മാത്രമായിരുന്നു.
എന്നാൽ ജീവനുള്ളവ,
അവനെപ്പോലെ. 

Saturday, July 13, 2013

വിട.

കുഞ്ഞുന്നാൾ മുതൽ സ്വപ്നം കണ്ടിരുന്നത് ആനപ്പാപാനാകാനോ പട്ടാളത്തിൽ ചേരാനോ ആയിരുന്നില്ല. പലതും പല കാലങ്ങളിൽ ആഗ്രഹിച്ചിട്ടുണ്ട്. ആഗ്രഹങ്ങൾ പലപ്പോഴായി ചുരുക്കം ചിലരോട് പങ്കുവെച്ചിട്ടുമുണ്ട് . എന്നാൽ, അടിത്തട്ടിൽ തീക്ഷ്ണമായി ഒരു സാഹസം എല്ലാ കാലഘട്ടത്തിലും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ആരോടും സൂചിപ്പിക്കാത്ത ഒരു ഭ്രാന്ത്, ഒരു സ്വപ്നം, ഒരു ആഗ്രഹം, ഒരു വാശി, ഒരു പ്രതിഷേധം... നാട് കടക്കുക, കളം വിടുക.

പൂർവികരിൽ പലരും കടന്നിട്ടുണ്ട്. കച്ചവടത്തിന്നായി... നില്ക്കക്കള്ളിയില്ലാത്തവസ്തയിൽ.
വിജയിച്ചവരുണ്ട്, പരാജിതരതിലേറെയുണ്ട്.
പക്ഷെ പോണം.

കെട്ടുപാടുകൾ പാടില്ലെന്ന്  അറിയാമായിരുന്നിട്ടും പരാജയപ്പെട്ടു.

ലളിതമായ ചിലത് ഗാഢമായി ആഗ്രഹിച്ചിരുന്നു.
തനിക്കുള്ളതല്ലെന്നു പൂർണ്ണ ബോധ്യം ലഭിച്ചപ്പോൾ മനോഹരമായി ആത്മഹത്യ ചെയ്തു.
അത്, ഒരു സൗന്ദര്യ ബോധത്തിന്റെ മരീചിക മാത്രമായിരുന്നു.
ഇടയ്ക്കെപ്പൊഴോ, അപ്രതീക്ഷിതമായി വന്നു ചേർന്ന സൗഭാഗ്യങ്ങൾ അനുഭവിച്ചു.
ചലനമറ്റിട്ടില്ലെന്ന് ബോധ്യം വന്നു.

ജീവൻ തന്ന, കരുണാനിധിയായ  മഹത് വ്യക്തിത്വത്തിന്നും,
ജീവം ഹനിച്ച പ്രഘ്യാപിത സ്ത്രീത്വത്തിന്നുടമക്കും,
കണ്ണുനീർ തുള്ളികൾ പൊഴിക്കാതെത്തന്നെയുള്ള വിട.


Monday, June 24, 2013

അഹം കാരി

അയാൾ പറഞ്ഞു,
"തിരസ്കരിച്ചവർ എല്ലാം തിരികെ വരും.
ഒരു നാൾ.
തിരസ്കരിക്കപ്പെടുന്നതിന്റെ നോവ്‌,
തിരിച്ചറിയുമ്പോൾ.
പക്ഷെ, കാത്തിരിക്കവയ്യ."
കാരണം, അയാൾ മത്സരിക്കുകയായിരുന്നില്ലല്ലോ,
മുൻപും...!

Friday, April 26, 2013

സ്ത്രീ


സ്ത്രീ സ്വീകരിച്ച് മാത്രം ശീലിച്ചവളാണ്.
അത്കൊണ്ട് അവളെ പഴിചാരരുത്
കേട്ടോ ?

"കേട്ടു"

പറഞ്ഞത് ദുര്ലന്തന്നെ !!!

Tuesday, February 5, 2013

എന്‍റെ ബാബുക്കാക്ക്...


ചിലപ്പോഴൊക്കെ ഓര്‍ത്ത് പോകാറുണ്ട് ബാബുക്കാ ഞാന്‍ 
നമ്മുടെ ആ വരണ്ട കോവൈ ജീവിതത്തിലെ 
ചില ഉച്ചനേരങ്ങള്‍.
കഞ്ഞിയും കറിയും,
ശേഷം
ആലസ്യരുടെ  സൗഹൃദത്തിലുദിച്ച ദിവ്യധൂമവും, 
അതിന്‍റെ സുഖവും,
സുദീര്‍ഘ നിദ്രയും,
ഉണര്‍ച്ചയും, 
പിന്നെ അത്യുന്നതങ്ങളില്‍ ചെന്നെത്തി 
ഒരിക്കലും അവസാനിക്കാത്ത രാത്രികാലങ്ങളിലെ 
അതിവൈകാരിക മുഹൂര്‍ത്തങ്ങളും,
"ആത്മഹത്യ ചെയ്യരുതേ ബാബുക്കാ..."
എന്ന എന്‍റെ അലര്‍ച്ചയും 
ശേഷം 
എനിക്ക് തിരിച്ചറിവില്‍ നിന്നുണ്ടായ
 നാമിരുപേരുടെ അട്ടഹാസവും,
എല്ലാം എന്‍റെ മനസ്സിലേക്കിരച്ചു  കയറുന്നു  ബാബുക്കാ...
ആ സുന്ദരമായ ഉന്മാദത്തിന്റെ നാളുകള്‍ സ്മരിച്ചു കൊണ്ട് 
ഞാനിതാ സഞ്ചരിക്കുന്നു മറ്റൊരാളായി.
ജീവിതം ദിശ മാറുന്നതറിയാതെ  
സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

Friday, January 18, 2013

اللهم جاف القبر عن جنبيه

അലീനയെയും റയാനെയും പിറക്കാനിരിക്കുന്ന മൂന്നാമതൊരാളെയും,
പിന്നെ നിന്നെയും 
ഖബറടക്കണം എന്ന് നീ അരുളി.

ഞാന്‍ അടക്കം ചെയ്ത്കൊള്ളട്ടെ?