Sunday, November 30, 2014

കുട്ട്യേ...


കുട്ട്യേ...
നിങ്ങളെ വേദനിപ്പിക്കാതിരിക്കാൻ വേണ്ടി മാത്രം -
ഞാൻ എന്റെ അസമയത്തെ വാക്കുകൾക്ക് കടിഞ്ഞാണിടുന്നു.

നോവിക്കാനാവുന്നില്ലിനിയെനിക്ക്!       
നോവനുഭവപ്പെട്ടെങ്കിൽ, മാപ്പ്...

നിങ്ങൾക്ക് നല്ലത് സംഭവിക്കട്ടെ.

Saturday, November 22, 2014

യാത്ര തുടങ്ങുകയാണ്...


ഇരുളായിരുന്നു അയാൾക്കിഷ്ട്ടം. ശോകമായിരുന്നു അയാളുടെ ഭാവം.
സഹനമായിരുന്നു അയാളുടെ സമരം. ശയനമായിരുന്നു അയാളുടെ നിർവൃതി.

വൈകാരികമായി നേരിട്ടു, നേടിയെടുത്തു, നഷ്ട്ടപ്പെടുത്തി - പലതും.
നഷ്ട്ടങ്ങളാൽ സമ്പന്നമായ യൗവ്വനം ചിന്നിച്ചിതറി - ഇരുപത്തിയഞ്ചിൽ.
കൂടപ്പിറപ്പുകൾ ഒന്നൊന്നായി ലോകംവെടിയും ദുർവിധി പോലെ,
അവനിൽനിന്ന്  അവൻ സ്നേഹിച്ചവരും അവനെ സ്നേഹിച്ചവരും പിൻവാങ്ങി!
നാൽപതുനാൾ നീളുന്ന മൗനത്തിലവസാനിക്കേണ്ട ദുഃഖം എപ്പോഴും അവനിൽ മാത്രം കൊടി നാട്ടിയത് മാസങ്ങൾക്കും വർഷങ്ങൾക്കും വേണ്ടിയായിരുന്നു.  
വിയോഗങ്ങൾ വീണ്ടും വീണ്ടും അവനെ വ്രണപ്പെടുത്തി കൊന്നുകൊണ്ടേയിരുന്നു.
കർമഫലങ്ങളെ വായിക്കുമ്പോൾ അവൻ അനുഗ്രഹീതൻ തന്നെയാണ്.
എന്നിട്ടും എന്തേ എന്ന ചോദ്യത്തിനു  അയാൾക്കുത്തരമില്ല.
ചോദ്യങ്ങൾ അയാൾ പതിയെ ഉപേക്ഷിക്കാൻ ശീലിച്ചു.


ചോദ്യങ്ങളിലും മൗനങ്ങളിലും അവനു നഷ്ട്ടങ്ങൾ തന്നെയുണ്ടായി.
നിർവൃതി അനുഭവിച്ചതത്രയും കണ്ണീർപ്രളയത്തിൽ ഒലിച്ചുപോയി.
ഇന്നലകളെ മറവുചെയ്യാൻ ശ്രമിച്ചപ്പൊഴൊക്കെയും പരാജിതനായി.
ഇനി ഇന്നിനെ അംഗീകരിച്ച് മുന്നോട്ട് പോകാനൊരുങ്ങുകയായി.

എന്നാൽ,
അലയടിക്കാൻ ഇനി തുടങ്ങിയാൽ, അയാൾ എവിടെച്ചെന്നടിയും എന്നത് ദുരൂഹം. അത് വലിയ നാശം വിതക്കാനുതകുന്ന യാഥാർത്ഥ്യം.

നാളുകളിത്രയും അവൻ അഭയംതേടി മാത്രം  അലയുകയായിരുന്നു.
ഇനിയവൻ അഭയം നൽകാൻ മാത്രം പ്രാപ്തനവാൻ പോകുകയാണ്.
ഏകാന്തവാസവും ഏകാന്തയാനവും അയാൾക്കിഷ്ട്ടമായിരുന്നു.
എന്നാൽ, അതുരണ്ടും അവനിപ്പോൾ ഭയാനകമാണ്.
അതുകൊണ്ട്‌, അവനിനി സഞ്ചരിക്കുന്നത് ഇന്നിന്റെ കുതിരകൾക്കൊപ്പമാണ്.
അതിൽ അയാൾക്ക് സ്വത്വം നഷ്ട്ടപ്പെട്ടേക്കാം, അയാൾ  മാറിപ്പോയേക്കാം.
ഇതുപോലുള്ള യാത്രകളിൽ, അവനെ മറന്നു പോയവരെപ്പോലെ അവനും പലരേയും മറന്നേക്കാം.
എന്നിരുന്നാലും,
അയാൾ ഇന്നിന്റെ കുതിരകൾക്കൊപ്പo യാത്ര തുടങ്ങുകയാണ്.
പക്ഷെ, അലയടിക്കാൻ ഇനി തുടങ്ങിയാൽ , അയാൾ എവിടെച്ചെന്നടിയും എന്നത് ദുരൂഹം. അത് വലിയ നാശം വിതക്കാനുതകുന്ന യാഥാർത്ഥ്യം.

      

അയാളെത്തേടി ഇനിയാരും വരികയില്ല.
അയാൾ ഇന്നിന്റെ കുതിരകൾക്കൊപ്പo യാത്ര തുടങ്ങുകയാണ്.
അലയടിക്കാതിരിക്കട്ടേ!

Monday, November 17, 2014

നിങ്ങൾക്ക് മംഗളം


മംഗളം ദമ്പതികളേ...
ഭ്രമണ പഥത്തിൽ നിന്നും വ്യതിചലിച്ച് ജീവിക്കാനിറങ്ങിത്തിരിച്ച-
നിഷ്കളങ്ക ജന്മങ്ങളേ,
നിങ്ങൾക്ക് മംഗളം...
നിങ്ങളിലാരുടെയോ അക്ഷമയുടെ ഇരയാകാൻ വിധിക്കപ്പെട്ട-
മൂന്നാമതൊരുവന്റെ മംഗളം!

Thursday, November 13, 2014

നപുംസക വരികൾക്ക് വിരാമം.

ഗദ്യവും പദ്യവുമല്ലാത്ത നപുംസക വരികൾക്ക് വിരാമം കുറിക്കാൻ ആഗ്രഹിച്ചിട്ട് നാളേറെയായി. സാധിച്ചിരുന്നില്ല.

ഉള്ളുരുകിക്കൊണ്ടേയിരിക്കുന്നു,
വിരലുകൾ വിറകൊള്ളുന്നു,
അത്കൊണ്ട് മാത്രം കുത്തിക്കുറിക്കുന്നു.

എന്റെ ഈ ഏകാന്ത ക്ഷേത്രത്തിൽ നിന്നും ഞാൻ നിർഗമിക്കുന്നു!
ഞാൻ കുറിക്കുകയാണ് -
എന്റെ നപുംസക വരികൾക്ക് വിരാമം*!!!


















*തുടരും... :) 


         

Wednesday, November 12, 2014

വാതിലുകൾ!


എന്നെ സ്വീകരിച്ച എല്ലാ വാതിലുകളും അടഞ്ഞിട്ടുണ്ട്!


എന്നെ സ്വീകരിച്ചിരുത്തി,
മേശപ്പുറത്തുള്ള പാനീയപലഹാരങ്ങൾ കാണിച്ച്‌ തന്ന്,
എന്നാൽ അത് ഉള്ളറിഞ്ഞൊന്ന് രുചിച്ചു നോക്കാൻ തുടങ്ങുമ്മുമ്പ്,
പുറത്തു കടക്കേണ്ടി വന്ന വാതിലുണ്ട്!


എൻറെ വരവ് ആ ദിശയിലേക്കെന്നുകണ്ട്,
എനിക്ക് ദാഹിക്കുന്നുണ്ടെന്ന് പറയാതറിഞ്ഞ്,
സ്വയം തുറന്ന് വേണ്ടുവോളം സ്നേഹവും വാത്സല്ല്യവും തന്ന്,
വിഭവങ്ങളും കാട്ടുതേനും തന്ന്,
എന്നെ തല ചായ്ച്ചുറങ്ങാൻ അനുവദിച്ച്;
ശേഷം,
ആ ആഥിതേയക്കും എനിക്കുമായി മാത്രം ഒരു കുടിലുകെട്ടാൻ ആഗ്രഹിച്ച്-
ഇടംതേടി ഞാൻ പുറത്തേക്കൊന്നിറങ്ങിയപ്പോഴേക്കും...
ആ വാതിലും അതിവേഗം അടഞ്ഞിരുന്നു!!


ഇനി വാതിലുകൾ തേടി യാത്രയില്ല.
സ്വീകരണങ്ങൾ അനുഭവിക്കാനനുവദിക്കില്ല,
എന്നെ ഞാൻ.
എന്റെ വീടിന്റെ വാതിൽ അടയും വരെ അവിടെച്ചെല്ലും;
അത്ര മാത്രം.


ആഥിതേയരിൽ ഇന്നും എനിക്ക് വിശ്വാസം നഷ്ട്ടപ്പെട്ടിട്ടില്ല .
പക്ഷെ, വാതിലുകൾ അടയും,
ഇന്നല്ലെങ്കിൽ നാളെ!
അതെനിക്കറിയാം.

എന്റെ വീട്ടിലെ വാതിലും അടയും.
അന്ന്, ഞാനൊരു പരസ്യം പ്രസിദ്ധപ്പെടുത്തും:

"കൂട്ടംതെറ്റിയ ഒരൊറ്റയാന് ഇണയെ ആവശ്യമുണ്ട്.
നിലമ്പൂർ വനാന്തരങ്ങളിൽ നിന്നും ആലോചന ക്ഷണിക്കുന്നു."

അന്നെനിക്കായ്‌ വരുന്ന അവർക്ക്-
വീടുണ്ടായിരിക്കില്ലാ, അടച്ചിടാൻ വാതിലുകൾ ഉണ്ടായിരിക്കില്ലാ..
ഞങ്ങൾ ഞങ്ങൾക്കായി കുടിലുകെട്ടും,
ഞങ്ങളൊന്നിച്ച് വിഭവങ്ങളുണ്ടാക്കും, ദിവ്യധൂമം ശ്വസിക്കും,
അത്യുന്നതങ്ങളിൽ ചെന്നെത്തി ഇണചേരും,
തനത് വന്യത ചോരാതെ... ഇണചേരും!
ഇണചേർന്നു വീണ്ടും ഞങ്ങൾ സ്വർഗത്തിലെത്തിച്ചേരും!
ജീവിക്കും, മടുക്കുംവരെ...
പക്ഷെ ഞങ്ങൾക്ക് മടുപ്പ് ജനിക്കുകില്ലത്രേ!
അത്, കാട്ടിൽ വളർന്ന അവരുടെയും,
കൂട്ടം തെറ്റി പാഞ്ഞുപോയ എന്റെയും മഹത്വം!  


വാതിലുകളില്ലാത്ത ആ കുടിലിനെയും അവരെയും കാത്ത്...
...
...       

Monday, November 10, 2014

ഭൂതവും ഭാവിയും നിങ്ങളും

പകയില്ലെന്നു പിന്നീട് നിങ്ങൾ പറഞ്ഞെങ്കിലും -
നിങ്ങൾക്കുള്ളിൽ പക മറഞ്ഞു നിൽക്കുന്നു, ഇന്നും. 

എനിക്ക് നോവുമെന്നറിഞ്ഞിട്ടും,
നിങ്ങളെന്തിനെന്നെയറിയിച്ചവർക്കൊപ്പം അർദ്ധബോധത്തിൽ സഞ്ചരിച്ചു?

നിങ്ങളെ അത്യുന്നതങ്ങളിൽ കൊണ്ടെത്തിക്കുവാൻ,
അവിടെ നിങ്ങളോടൊത്തു നടനമാടുവാൻ, സുരക്ഷിതമായി ചുരമിറങ്ങുവാൻ,
എനിക്കിനിയും സാധിക്കയില്ലെന്ന് നിങ്ങളുടെ പുതിയ ചിന്തകൾ മന്ത്രിച്ചുവോ?

എന്റെ ഭ്രാന്തിന്റെ പരിസമാപ്തിയിൽ മാത്രം-
എന്നിലേക്കെത്തിച്ചേർന്ന നിങ്ങളോട് -  
എന്റെ ഭൂതകാലം ചെയ്ത തിരസ്കരണം,
ഇനിയും പൊറുത്തു തന്നുകൂടെ?
അത് കാലചക്രത്തിന്റെ ഘടനയാണെന്നും, 
അതിൽനിന്നെനിക്കോ നിങ്ങൾക്കോ ഒരുപോലെ രക്ഷയില്ലെന്നും കണ്ട്,
എന്നോട് പൊറുത്തു തന്നുകൂടെ?
എന്നെ നോവിക്കാതിരുന്നുകൂടെ?

നിങ്ങൾ എന്റെതാകയാൽ,
സ്വാർത്ഥനായ എനിക്ക് നോവും -
എന്നിൽ നിന്നൊരുപാടു ദൂരെചെന്നെത്തിനിൽക്കയാണ്‌ ഇന്ന് നിങ്ങളെങ്കിലും. 

നിങ്ങൾക്ക് ചുറ്റുമുള്ള വലയം സുരക്ഷിതമെന്നിരിക്കെ-
നിങ്ങൾ എത്തിച്ചേർന്ന കുടിൽ ഈയുള്ളവന്റെ കൂടായിരുന്നില്ലേ?
നിങ്ങൾ തലചായ്ച്ചുറങ്ങിയതോ, ഈ നെഞ്ചിലായിരുന്നില്ലേ?
പിന്നീടെന്തു സംഭവിച്ചു?

പിന്നീട്,
ഞാൻ യാഥാര്ത്യത്തിന്റെ ഇരയാകുകയും,
നിങ്ങൾ നിങ്ങളുടെ തനത് ഭ്രാന്തിനോട് നീതി പുലർത്തി മറ്റൊരു ശിഖരത്തിൽ ചെന്ന് പറന്നുയരുകയും ചെയ്തു.

ഇനിയെന്ത്?
നോവനുഭവിക്കാൻ  എന്റെ  നെഞ്ചിനിനി വയ്യ!
പുകയിലക്കാടുകളും കഞ്ചാവു തോട്ടങ്ങളും പുകഞ്ഞുതുപ്പിയത് എന്റെ രക്തവും ബോധവും! 
അമ്മയെന്ന സ്ത്രീയെ നിരാകരിക്കമാത്രം ചെയ്കയും നിങ്ങളെ സ്നേഹിച്ച് നിങ്ങളിൽ നിന്നവരുടെ അംശമെങ്കിലും നേടിയെടുക്കാനിച്ഛിച്ചതിൽ ശിഥിലമായത് എന്റെ നേർരേഖയും!

നോവനുഭവിക്കാൻ  എന്റെ  നെഞ്ചിനിനി വയ്യ!

നിങ്ങളുടെ ഭ്രാന്തിന്റെ പരിസമാപ്തിയിൽ നമുക്ക് കണ്ടുമുട്ടാം.
കാലചക്രo നമ്മെ വീണ്ടും കൂട്ടിയിണക്കും.
തീർച്ച!  
അതുവരെ നോവിക്കാതിരിക്കുക നിങ്ങൾ നിങ്ങളെയും,
നിങ്ങൾ എന്നെയും.
സാധിക്കുമെങ്കിൽ,
എന്റെ ഭൂതകാലത്തിനു മാപ്പു നല്കുക.

നിങ്ങളുടെ ഭ്രാന്തിന്റെ പരിസമാപ്തിയിൽ നമുക്ക് കണ്ടുമുട്ടാം.

കാലചക്രo നമ്മെ വീണ്ടും കൂട്ടിയിണക്കും.
തീർച്ച!      


Sunday, November 9, 2014

പേര്

അഹങ്കാരി
നിഷേധി
സ്ത്രീലമ്പടൻ
ഭ്രാന്തൻ

വിശേഷണങ്ങൾ ഒരുപാടു കേട്ടിരിക്കുന്നു.

എന്നാൽ,
ഏറ്റവും ഇഷ്ട്ടപ്പെട്ടത്, പൂർണ്ണമായത്,
ആ ആത്മസുഹ്ർത്ത് ചാർത്തി തന്ന പേരുതന്നെയായിരുന്നു,
കലാലയകാലഘട്ടത്തിൽ -

ആഭാസൻ!           

അയാളെ അയാളുടെ അച്ഛൻ വിളിച്ചിരുന്നത് 'ഭഗവാൻ' എന്നായിരുന്നു. 

Thursday, November 6, 2014

അവൻ!

അവർ കണ്ടതില്ല, കേട്ടതില്ല -
അവൻ അവർക്ക് വേണ്ടി ചെയ്തതും ചിന്തിച്ചതും.

അവർ കണ്ടതത്രയും അവന്റെ കെടുതികളത്രേ!
അവർ അറിഞ്ഞതത്രയും അവനെക്കുറിച്ചാരൊക്കെയോ ഓതിയ കഥകളത്രേ!

പക്ഷെ, അവരുടെ പൂർവികർക്കറിയായിരുന്നു അവനെ.
പൂർവികർ അന്നു പറഞ്ഞതത്രയും അവർ മറന്നു കളഞ്ഞു.
പൂർവികർ അരുളിയിരുന്നു, "അവൻ കൂറുള്ളവനത്രേ!"
കേട്ടതില്ലാരും, അന്നു കേട്ടെങ്കിലും!

അവർ പിൽക്കാലത്ത് ചോദിച്ചതിങ്ങനെ:
"മഹാത്മാക്കളായ ഞങ്ങളുടെ പൂർവികരെ,
പിന്നെ, ഇതര ഗുരുക്കന്മാരെ -
നീയെങ്ങനെ കബളിപ്പിച്ചു!?"

അവനു വേണ്ടി സംസാരിച്ചവരെ-
അവർ വിഡ്ഢികളായി വിലയിരുത്തി,
ചിലരെ നിഷ്കളങ്കരായും,
മറ്റു ചിലരെ ഭ്രാന്തരായും!       

ഒരുനാൾ, അവൻ തിരിച്ചറിഞ്ഞു-
അവനു വേണ്ടി സംസാരിക്കുന്നവരത്രയും ആപത്തിലേക്ക് പോകുന്നു!
കീർത്തി അവൻ പിന്നീട് ചെവികൊണ്ടില്ല.
അവനു വേണ്ടി നിൽക്കുന്നവരെയോർത്തു അവൻ വിലപിച്ചു.
അങ്ങനെ, പതിയെ പതിയെ-
ആ ചുരുക്കം ചിലരിൽ നിന്നും അവൻ പിൻവാങ്ങിത്തുടങ്ങി!


പിന്നീട് അവർ പറഞ്ഞു തുടങ്ങി:
"അവൻ അരാജക ജീവിതം നയിക്കുന്നു !
വീടു വിട്ടു നിൽക്കുന്നു! കൂറില്ലാത്തവൻ!
ആരോടും കടപ്പാടില്ലാത്തവൻ!
സ്വാർത്ഥൻ, അവൻ !"  




(അവതരണത്തിൽ  എങ്ങാനും ഖുർആന്റെ മലയാള പരിഭാഷാ ശൈലി അനുഭവപ്പെടുന്നു എങ്കിൽ  അത് സ്വാഭാവികം മാത്രം!)

Saturday, November 1, 2014

ആ കുഞ്ഞുണരുംവരെ മാത്രം!

ഒരു വാശിക്കാരൻ കുഞ്ഞുണ്ട്.
അവൻ ഉറങ്ങിയെണീറ്റാൽ-
അമ്മയുടെ അമ്മിഞ്ഞക്ക് വേണ്ടി കരയും,
വാശിപിടിച്ച് നേടിയെടുക്കും.

എന്നിലെ ആ കുഞ്ഞുണരും വരെ മാത്രമേ-
സ്ത്രീയേ,
നീ അവിടെ വസിക്കൂ!

എന്റെ അമ്മയും എന്റെ അനുജത്തിയും,
എന്റെ കാമുകിയും എന്റെ കൂട്ടുകാരിയും,
എന്റെ ഭാര്യയും എന്റെ വേശ്യയും,
എന്റെ നായികയും നീ മാത്രം!


സ്ത്രീയേ,
നിന്റെ വിദൂരവാസം ആ കുഞ്ഞുണരുംവരെ മാത്രം.

പക്ഷെ,
പാതിമരണമായ ഉറക്കത്തിന്നിടയിൽ-
ആ കുഞ്ഞിനു പൂർണ്ണ മരണം സംഭവിച്ചാൽ,
സ്ത്രീയേ,
എന്റെ അസ്ഥിപഞ്ചരമേനിയെ നീ കുളിപ്പിച്ച്-
മനോഹരമായി മറവു ചെയ്യണം!
അമ്മ കുഞ്ഞിനെ കുളിപ്പിച്ച് തോർത്തി ഉറക്കും പോലെ...