Thursday, November 6, 2014

അവൻ!

അവർ കണ്ടതില്ല, കേട്ടതില്ല -
അവൻ അവർക്ക് വേണ്ടി ചെയ്തതും ചിന്തിച്ചതും.

അവർ കണ്ടതത്രയും അവന്റെ കെടുതികളത്രേ!
അവർ അറിഞ്ഞതത്രയും അവനെക്കുറിച്ചാരൊക്കെയോ ഓതിയ കഥകളത്രേ!

പക്ഷെ, അവരുടെ പൂർവികർക്കറിയായിരുന്നു അവനെ.
പൂർവികർ അന്നു പറഞ്ഞതത്രയും അവർ മറന്നു കളഞ്ഞു.
പൂർവികർ അരുളിയിരുന്നു, "അവൻ കൂറുള്ളവനത്രേ!"
കേട്ടതില്ലാരും, അന്നു കേട്ടെങ്കിലും!

അവർ പിൽക്കാലത്ത് ചോദിച്ചതിങ്ങനെ:
"മഹാത്മാക്കളായ ഞങ്ങളുടെ പൂർവികരെ,
പിന്നെ, ഇതര ഗുരുക്കന്മാരെ -
നീയെങ്ങനെ കബളിപ്പിച്ചു!?"

അവനു വേണ്ടി സംസാരിച്ചവരെ-
അവർ വിഡ്ഢികളായി വിലയിരുത്തി,
ചിലരെ നിഷ്കളങ്കരായും,
മറ്റു ചിലരെ ഭ്രാന്തരായും!       

ഒരുനാൾ, അവൻ തിരിച്ചറിഞ്ഞു-
അവനു വേണ്ടി സംസാരിക്കുന്നവരത്രയും ആപത്തിലേക്ക് പോകുന്നു!
കീർത്തി അവൻ പിന്നീട് ചെവികൊണ്ടില്ല.
അവനു വേണ്ടി നിൽക്കുന്നവരെയോർത്തു അവൻ വിലപിച്ചു.
അങ്ങനെ, പതിയെ പതിയെ-
ആ ചുരുക്കം ചിലരിൽ നിന്നും അവൻ പിൻവാങ്ങിത്തുടങ്ങി!


പിന്നീട് അവർ പറഞ്ഞു തുടങ്ങി:
"അവൻ അരാജക ജീവിതം നയിക്കുന്നു !
വീടു വിട്ടു നിൽക്കുന്നു! കൂറില്ലാത്തവൻ!
ആരോടും കടപ്പാടില്ലാത്തവൻ!
സ്വാർത്ഥൻ, അവൻ !"  




(അവതരണത്തിൽ  എങ്ങാനും ഖുർആന്റെ മലയാള പരിഭാഷാ ശൈലി അനുഭവപ്പെടുന്നു എങ്കിൽ  അത് സ്വാഭാവികം മാത്രം!)

No comments:

Post a Comment