എന്നെ സ്വീകരിച്ച എല്ലാ വാതിലുകളും അടഞ്ഞിട്ടുണ്ട്!
എന്നെ സ്വീകരിച്ചിരുത്തി,
മേശപ്പുറത്തുള്ള പാനീയപലഹാരങ്ങൾ കാണിച്ച് തന്ന്,
എന്നാൽ അത് ഉള്ളറിഞ്ഞൊന്ന് രുചിച്ചു നോക്കാൻ തുടങ്ങുമ്മുമ്പ്,
പുറത്തു കടക്കേണ്ടി വന്ന വാതിലുണ്ട്!
എൻറെ വരവ് ആ ദിശയിലേക്കെന്നുകണ്ട്,
എനിക്ക് ദാഹിക്കുന്നുണ്ടെന്ന് പറയാതറിഞ്ഞ്,
സ്വയം തുറന്ന് വേണ്ടുവോളം സ്നേഹവും വാത്സല്ല്യവും തന്ന്,
വിഭവങ്ങളും കാട്ടുതേനും തന്ന്,
എന്നെ തല ചായ്ച്ചുറങ്ങാൻ അനുവദിച്ച്;
ശേഷം,
ആ ആഥിതേയക്കും എനിക്കുമായി മാത്രം ഒരു കുടിലുകെട്ടാൻ ആഗ്രഹിച്ച്-
ഇടംതേടി ഞാൻ പുറത്തേക്കൊന്നിറങ്ങിയപ്പോഴേക്കും...
ആ വാതിലും അതിവേഗം അടഞ്ഞിരുന്നു!!
ഇനി വാതിലുകൾ തേടി യാത്രയില്ല.
സ്വീകരണങ്ങൾ അനുഭവിക്കാനനുവദിക്കില്ല,
എന്നെ ഞാൻ.
എന്റെ വീടിന്റെ വാതിൽ അടയും വരെ അവിടെച്ചെല്ലും;
അത്ര മാത്രം.
ആഥിതേയരിൽ ഇന്നും എനിക്ക് വിശ്വാസം നഷ്ട്ടപ്പെട്ടിട്ടില്ല .
പക്ഷെ, വാതിലുകൾ അടയും,
ഇന്നല്ലെങ്കിൽ നാളെ!
അതെനിക്കറിയാം.
എന്റെ വീട്ടിലെ വാതിലും അടയും.
അന്ന്, ഞാനൊരു പരസ്യം പ്രസിദ്ധപ്പെടുത്തും:
"കൂട്ടംതെറ്റിയ ഒരൊറ്റയാന് ഇണയെ ആവശ്യമുണ്ട്.
നിലമ്പൂർ വനാന്തരങ്ങളിൽ നിന്നും ആലോചന ക്ഷണിക്കുന്നു."
അന്നെനിക്കായ് വരുന്ന അവർക്ക്-
വീടുണ്ടായിരിക്കില്ലാ, അടച്ചിടാൻ വാതിലുകൾ ഉണ്ടായിരിക്കില്ലാ..
ഞങ്ങൾ ഞങ്ങൾക്കായി കുടിലുകെട്ടും,
ഞങ്ങളൊന്നിച്ച് വിഭവങ്ങളുണ്ടാക്കും, ദിവ്യധൂമം ശ്വസിക്കും,
അത്യുന്നതങ്ങളിൽ ചെന്നെത്തി ഇണചേരും,
തനത് വന്യത ചോരാതെ... ഇണചേരും!
ഇണചേർന്നു വീണ്ടും ഞങ്ങൾ സ്വർഗത്തിലെത്തിച്ചേരും!
ജീവിക്കും, മടുക്കുംവരെ...
പക്ഷെ ഞങ്ങൾക്ക് മടുപ്പ് ജനിക്കുകില്ലത്രേ!
അത്, കാട്ടിൽ വളർന്ന അവരുടെയും,
കൂട്ടം തെറ്റി പാഞ്ഞുപോയ എന്റെയും മഹത്വം!
വാതിലുകളില്ലാത്ത ആ കുടിലിനെയും അവരെയും കാത്ത്...
...
...
No comments:
Post a Comment