Monday, December 7, 2015

അധ്യായങ്ങൾ

ഒരേ ജീവിതത്തിലെ ഓരോ അധ്യായങ്ങളിലും ഓരോ തവണയും എനിക്ക്-
ശൈശവം, ബാല്യം, യൗവ്വനം, വർധക്ക്യം, ഇവയൊക്കെയും-
തന്മയത്തത്തോടെ അനുഭവപ്പെടാൻ അനുഗ്രഹീതനായതിൽ-
ഞാൻ എന്നെ ആദരിക്കുന്നു!!!   


Tuesday, November 10, 2015

പറയാത്ത കഥകൾ


പറയാത്ത കഥകളിലൊന്നിൽ പണം മടക്കിനൽകുന്ന വേശ്യയും,
അത് നിരാകരിച്ച് മടങ്ങുന്ന നായകനും ഉണ്ടായിരുന്നു.

Monday, November 2, 2015

നട്ടുച്ചനേരത്തിൽ വീണ്ടും


ഉള്ളിനെ കബളിപ്പിച്ച്‌ ചിരിക്കുകയോ, വയ്യ!
ഉള്ളിനെ കബളിപ്പിച്ച്‌ കരയുകയോ, വയ്യ!
വൈകാരിക തലങ്ങളെയൊക്കെയും ശമിപ്പിച്ച്, നിസ്വാർത്ഥതയുടെ തത്വചിന്തകളിലൂടെ സഞ്ചരിച്ച് അതിലൂടെ ഉന്മാദത്തിലെത്താൻ ശ്രമിക്കാതെയും ഇരുന്നില്ല. ഉന്മാദം വൈകാരികം തന്നെയല്ലേ! പിന്നെവിടുന്ന് മുക്തി?
പഴയൊരു സുഹൃത്ത് പറഞ്ഞതോർക്കുന്നു, "ഇയാളൊരു വികാരജീവിയാണ്".
പക്ഷെ, ആ കളം വിട്ടല്ലോ...
അധ്യായങ്ങളായാണ് ഇപ്പോൾ ജീവിച്ചു തീർക്കുന്നത്, എന്ന് തോന്നുന്നു.
ഇന്നലെകളിലും, ഇന്നും, ഒരുപക്ഷെ നാളെയിലും ചലിക്കുന്നത് ഹൃദയപൂർവ്വം തന്നെ ആയിരിക്കും.
അതിന്റെ പേരിലേൽക്കുന്ന മുറിവൊക്കെയും ഹൃദയപൂർവ്വം തന്നെ നേരിടുകയും ചെയ്യും.
ഒന്ന് ബോധ്യം, ഇന്നലെകളിലൂടെ സഞ്ചരിച്ചിന്നിൽ എത്തി നിൽക്കവേ, എന്റെ കണ്ണ് കൂടുതൽ തുറന്നിട്ടുണ്ട്,
ഹൃദയം അതിലേറെയും. പക്ഷെ, ആ വിശാലതയിലേക്ക് യുക്തി നോക്കാതെ ആരെയും ആഗമിച്ചു പരിചരിക്കുന്ന നിഷ്കളങ്കാഹങ്കാരം ഇന്ന് ശമിച്ചിരിക്കുന്നു! അതിഥികൾ സഹയാത്രികർ ഇവ്വിധം സന്ദർശകർ ഇന്നും ഇന്നലെകളെപ്പോൾ വിരളം. യാത്രയുടെ നിരർത്ഥകതയെന്ന് പറയുകവയ്യ, കാരണം യാത്ര അവസാനിക്കുന്നില്ലല്ലോ!

ഈ നട്ടുച്ചനേരത്തിൽ ദൂരെ നിന്നോ, ഖബറിൽ നിന്നോ എന്നെ ആരൊക്കെയോ പിടിച്ചു വലിക്കുന്നു, എന്റെ ഉണങ്ങുന്ന മുറിവിനെ തൊട്ടുനോക്കുന്നു - ഉണങ്ങിയോ എന്നറിയാനോ, ഉണങ്ങാതെ മുറിവ് നിലനിർത്തുവാൻ വേണ്ടി തൊട്ടുനോക്കി തൊട്ടുനിർത്തുന്നതാണോ? അറിയില്ലെനിക്ക്!
ഇതൊക്കെ ഞാൻ തന്നെയാണോ? അതെ!

അതെ!
ആണോ?
അറിയില്ലെനിക്ക്!
   

നട്ടുച്ച വരികൾ


പുലരുവാൻ തുടങ്ങുമ്പോഴേക്കും വീണ്ടും ഇരുൾ വീണു തുടങ്ങുന്നുവോ?
പുലരരുതെന്ന് ആഗ്രഹിച്ച മനോഹരമാം യാമങ്ങൾ ഇന്നലകളിൽ മാത്രം...
സഹയാത്രിക മണ്‍മറഞ്ഞുവോ? അതോ വിദൂര ധ്രുവങ്ങളിലോ?
ചരിത്രം മാച്ചുകളയും വിധം എന്നെ അവർ അറുത്തുമാറ്റിയിട്ട് കാലമേറെയായി!

വെയിലു വേണം വെളിച്ചം വേണം എനിക്ക്, കർമഫലവും വേണം.
ഫലം ഇച്ഛിക്കാതെ കർമം ചെയ്കയെന്നറിഞ്ഞിട്ടും ഞാനെന്തിനത് പ്രതീക്ഷിക്കുന്നു!

റഫീഖ് പറഞ്ഞത് പോലെ, "കുറ്റബോധം ഇല്ല, നഷ്ട്ടബോധം മാത്രം",
ഈ വൈകിയ നട്ടുച്ചയിൽ!

എന്റെ ഇന്ന് ഇന്നലകളിൽ നിന്ന് മുക്തമല്ലത്രേ!
ഞാൻ ഇന്നലകളുടെ അടിമയും അല്ലത്രേ!  

തീവ്രാനുരരാഗത്തിൻ പ്രതിഫലനം മാത്രം, ഈ ജീർണിച്ച വരികൾ!
റഫീഖ് പറഞ്ഞത് പോലെ, "കുറ്റബോധം ഇല്ല, നഷ്ട്ട ബോധം മാത്രം".

Saturday, August 15, 2015

ഇന്നലെ


ഇന്നലെകളിലെ ചില എടുകളിലൂടെ വിരലോടിക്കവെ മാത്രമാണ് ഹൃദയം ചിരിക്കുന്നത്.

എന്നിരിക്കെ, ഓർമകളുടെ മൂർച്ചയിൽ ചോര തുളുമ്പിയിരുന്നു പല രാത്രികളിലും.

Wednesday, July 29, 2015

മൂന്നാം സാരഥിക്കൊരു കുറിപ്പ്!


മൂന്നാം സാരഥിയേ...
സ്വാർത്ഥനായ ഞാൻ നീ വിളിക്കവേ ശേഷിക്കുന്ന വിരളമാം സൗഹൃദങ്ങളെ, സമ്പാദ്യങ്ങളെ, പ്രതീക്ഷകളെ, ഉപേക്ഷിച്ച് നിന്റെ കൂടെ വരുന്നതിൽ തിരസ്കരണങ്ങളാൽ അനാഥപ്പെട്ട്‌ ഒറ്റയാനായ് നിലകൊള്ളേണ്ടിവന്നെനിക്ക് നോവനുഭവപ്പെടേണ്ട കാര്യമില്ലല്ലോ.... മരണമേ? എന്നിട്ടുമെന്തേ എന്ന് സ്വയം ആരായുമ്പോൾ പകച്ചു പോകുന്നുണ്ടോ ഞാൻ, ഈ ഉറക്കമില്ലാത്തൊരീ അർദ്ധരാത്രി?

മുൻപും ചില രാത്രികളിൽ നീ എന്റെ കർണ്ണങ്ങളിൽ വശ്യമാം വന്യമാം ഏതോ ഈണം മീട്ടിക്കൊണ്ട് നിന്റെ ലോകത്തിലേക്ക്‌ എന്നെയാനയിക്കാൻ ശ്രമം നടത്തിയതോർക്കുന്നു ഞാൻ. പിൽക്കാലത്ത് പനി പിടിപ്പിച്ചും തലയോട്ടിയിൽ ഒരു കുരുവിന് ജന്മം കൊടുത്തും നീയെന്നെ കളിപ്പിച്ചിരുന്നു. ഓർക്കുന്നു ഞാൻ.
നിന്റെ കൗതുകങ്ങൾ എനിക്കിഷ്ട്ടമാണ്, മരണമേ...
നിനക്ക് മുൻപും രാത്രിയുടെ യാമങ്ങളിൽ ആർക്കോ ഞാൻ കൗതുകമായി ജീവിച്ചിട്ടുണ്ട്. നീയെന്നെ കൊണ്ടുപോകുന്നിടം സ്വർഗമെന്നിരിക്കെ ഞാനും അന്നവർക്കൊപ്പം ആ വാതിക്കൽ വരെ എത്തിയിട്ടുണ്ട്.
മരണമേ... നീയെന്റെ  മൂന്നാം സാരഥി മാത്രം!         
എന്നിട്ടുമെന്തേ എന്ന് സ്വയം ആരായുമ്പോൾ പകച്ചു പോകുന്നുണ്ടോ ഞാൻ, ഈ ഉറക്കമില്ലാത്തൊരീ അർദ്ധരാത്രി?    

എന്റെ  മൂന്നാം സാരഥിക്കൊരു കുറിപ്പ്:
നിനക്ക് മുൻപ് എന്നെ സ്വർഗത്തോപ്പുകളിലേക്ക് നയിച്ചവർ പക്ഷെ-
പാതി വഴിയിലെപ്പോഴോ എന്നെ ഉപേക്ഷിച്ചു പോയിരുന്നു, ഞാൻ ഓർക്കുന്നുണ്ട്. ചേതനയറ്റ് ഒട്ടനേകം നാൾകൾ ഞാൻ ആ വാതിൽക്കൽ കിടന്നു കരഞ്ഞിട്ടുണ്ട്. നിന്റെ നാഥനറിയാം.
പാതിവഴിയിൽ ഉപേക്ഷിക്കാതെ എന്നെ നീ കൊണ്ടെത്തിക്കണം, ഭയപ്പെടുത്താതെ.
അനുസരണക്കേട്‌ കാണിക്കാത്ത നല്ല കുട്ട്യായ്ക്കൊള്ളാം ഞാൻ...

Sunday, July 19, 2015

തെരുവ്


"തെരുവിലാണാനന്ദം...
അർദ്ധബോധത്തിൽ തല തെറിച്ചവർക്കൊത്തുള്ള ആ തെരുവു സഞ്ചാരമുണ്ടല്ലോ,
അതിലാണാനന്ദം...

തെരുവിലാണാനന്ദം..."

Monday, July 13, 2015

അനുഗ്രഹങ്ങൾ


ഗർഭാവസ്ഥയിലിരിക്കെ മധുസൂദനൻ എന്നൊരു യതി അനുഗ്രഹിച്ചിരുന്നത്രേ... ജനിച്ചുവീണതു പക്ഷെ ശ്വാസകോശങ്ങൾക്ക് ശാപമേറ്റുകൊണ്ടായിരുന്നു!


ബാല്യം - മാതൃകാപുത്രനെന്നപോൽ രൂപിതം.
ചിട്ടപ്പെടുത്തിയെടുത്തതോ വളർത്തുഗുണം.
എന്നിട്ടും തുടർയാത്രാരംഭം മുജ്ജെന്മശാപമേറ്റ -
മാതാപിതാക്കൾ തൻ പുത്രരെപ്പോലായിരുന്നു!


യൗവ്വനം - ആദ്യമായ് അനുഗ്രഹങ്ങൾ തിരിച്ചറിഞ്ഞനാൾ.
ചൈതന്യമാമൊരു ജീവിതം സ്വപ്നം കണ്ടുതുടങ്ങുവാൻ -
ആരിൽനിന്നോ മൗനസമ്മതം നേടിയെടുത്തപ്പോൾ -
നിറകണ്ണുകളോടെ യതിയെ ഞാനോർത്തു!

അനുഗ്രഹങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ച്‌കൊണ്ട് -
തന്റെ ബാല്യം രൂപപ്പെടുത്തിയവർക്ക് കാണിച്ചുകൊടുത്തിരുന്നു!

നെഞ്ചിൽ ചേർത്തുവെച്ചു നെയ്ത സ്വപ്‌നങ്ങൾ അറ്റുവീണുതുടങ്ങുന്നത്-
അറിയാൻ വൈകിയതിൽ പക്ഷെ മുറിവേറ്റത് പയറ്റിത്തെളിഞ്ഞ യോദ്ധാവിനായിരുന്നില്ല, ഒരു പിഞ്ചു കുഞ്ഞിനായിരുന്നു!

കുലമര്യാദകളെ വിസ്മരിച്ച് "കൈവെടിയരുതേ" എന്ന യാചന -
പരമ്പരകൾക്കൊടുവിൽ തിരിച്ചറിവ് വന്നു -
ഇത് ശാപമേറ്റ യൗവ്വനം, തിരസ്കൃത യൗവ്വനം!

ശേഷം,
അനുഗ്രഹങ്ങളെയും അനുഗ്രഹദാതാക്കളേയും പഴിച്ചു കൊണ്ടുള്ള ഇരുണ്ട കാലഘട്ടം.


കടംകൊണ്ടൊരു കാലിച്ചായ നുണയുന്നൊരു മരവിച്ച സായാഹ്നത്തിൽ -
മുന്നിൽ വന്നുചേർന്നാരോ, വശ്യതയിൽ കനിവ് ചാലിച്ച മിഴികളുള്ളാരോ!
നീണ്ടിടവേളക്ക് ശേഷം വിളറിയ നാഡികളിൽ നീർപ്രവാഹം അനുഭവപ്പെട്ടു,
ഉരുകി വെണ്ണീറായിത്തീർന്ന ഉള്ളം പൂക്കളെപ്പോൾ പുഞ്ചിരിച്ചു തുടങ്ങി.

അനുഗ്രഹങ്ങൾ വീണ്ടും... അന്നോര്‍ത്തത്‌ പക്ഷെ യതിയെ ആയിരുന്നില്ല -
സ്വകർമങ്ങളെയും കർമഫലങ്ങളെയും!

നിമിഷങ്ങൾ ഒരേസമയം ലളിതവും തീവ്രവും ഭ്രാന്തവുo!
ആരുടെയൊക്കെയോ അക്ഷമക്കിരയായി ആ കൊടുങ്കാറ്റ് ശമിച്ചു.
ഇരുൾ വീണ്ടും വീണുതുടങ്ങിയിരുന്നു - അകാലമൃത്യു!


ശേഷം,
പഴിചാരിയില്ലാരെയും -
അനുഗ്രഹങ്ങളെയും, യതിയെയും, ഇന്നലകളെയും!
തിരിച്ചറിഞ്ഞു -
"അനുഭവങ്ങളാണ് അനുഗ്രഹങ്ങൾ"

കർമ്മയിൽ തന്നെ വിശ്വാസമർപ്പിച്ച് യാത്ര തുടരുന്നു...
യതിയുടെ വഴികളിലൂടെ സഞ്ചരിക്കാൻ വെമ്പുന്നു...
"അനുഭവങ്ങൾ തന്നെയാണ് അനുഗ്രഹങ്ങൾ"

Thursday, June 18, 2015

മുക്തി


അസാധ്യമെനിക്ക്, നിന്നിൽ നിന്ന് മുക്തി നേടുക.
അസാധ്യമെനിക്ക്, നിൻ വഴികളിലൂടെ സഞ്ചരിച്ച് രക്ഷനേടുക.
ഇരു ധ്രുവങ്ങളിൽ വസിക്കേണ്ടവരെങ്കിൽ, നാം എന്തിനു -
ഇത്രമേൽ പരിക്കുപറ്റുംവിധം അടുത്തു,
ശേഷം ഇവ്വിധം അകലം പാലിച്ചു?    
അസ്ഥിയിൽ കൊത്തിവെച്ചത് നിൻ നാമം,
മനസ്സിൽ വരച്ച് വെച്ചത് നിൻ രൂപം.
ശരീരത്തോടൊപ്പം കൊണ്ട് നടന്നത്,
ലയനനാളിൽ നീയേകിയ നിന്റെ വന്യതയും.

നിന്നിൽ നിന്ന് രക്ഷനേടാൻ മറുമരുന്നിനെയൊന്നും തന്നെ അനുവദിച്ചതുമില്ല-
നീ നൽകിയ അനുഭൂതിയുടെ സൗന്ദര്യം എന്നിൽനിന്നു നഷ്ട്ടമാകും എന്ന് ഭയന്ന്!

അസാധ്യമെനിക്ക്, നീ സഞ്ചരിച്ച വഴികളിലൂടെ സഞ്ചരിച്ച് രക്ഷ നേടുക.

Sunday, May 10, 2015

ഇന്നലെകൾ! തെളിവുകൾ!


ഇന്നലെകളിലയാൾ സഞ്ചരിച്ചിരുന്ന വിവധ പാദകളത്രയും.
ഇന്ന് മാഞ്ഞുതുടങ്ങിയിരിക്കുന്നു.

അന്നയാളുടെ ചോരവാർന്നുറച്ചുപോയ മണ്‍കൂനകളൊക്കെയും.
ഇന്ന് പൊടിപടലങ്ങളായി തീർന്നിരിക്കുന്നു.

അയാളുടെ ഗന്ധം ശ്വസിച്ച് ആർക്കൊക്കെയോ ജീവൻ നേദിച്ചിരുന്ന-
കടൽകാറ്റിനിന്ന് ചലനമറ്റിരിക്കുന്നു.

അയാളുടെ കണ്ണീരിനാൽ അന്ന് പ്രളയം ബാധിച്ച നാട്ടുരാജ്യങ്ങളൊക്കെയും പക്ഷെ-
ഇന്ന് സമൃദ്ധിയുടെ വൻകരകളായിത്തീർന്നിരിക്കുന്നു!

ഇന്നലെകളിൽ നിന്ന് അവനെ തേടിക്കണ്ടെത്തുക ശ്രമകരം!
അവന്റെ ഇന്നലെകൾക്ക് വിരളമായിരുന്നല്ലോ തെളിവുകൾ പണ്ടും!


   

Monday, March 30, 2015

തീ


"തീ.
കുരുത്തത് തീയിലാണോ എന്ന് വ്യക്തമല്ല.
പക്ഷെ, സഞ്ചരിച്ചതത്രയും തീയിലാണ്.
മുറിവേറ്റതത്രയും തീയാലാണ്.
ഉള്ളിലാളിക്കത്തിക്കൊണ്ടിരുന്ന തീയാൽ ചാമ്പലാക്കപ്പെട്ട ജീവിതങ്ങളെ ഇന്ന് ഓർക്കാറില്ല.
ഓർമകളെ നശിപ്പിച്ചതും തീയിട്ട്‌ തന്നെ!

കെടാതെ ഉള്ളിൽ നിലനിർത്തിയ കനലിനെ ചിലപ്പോഴൊക്കെ ഊതിനോക്കാറുണ്ട് -
ജീവനുണ്ടോ എന്ന് തിരിച്ചറിയാൻ.
വീണ്ടും ആളിക്കത്തുമോ എന്ന ഭയമില്ലാകിലും ഭീതിയുണ്ട്.
അല്ല. കെടാനനുവദിക്കാതെ സൂക്ഷിച്ചിരിക്കുന്ന കനലിനെ ഭയം തന്നെയാണ്.
കനൽ കനലായി തന്നെ നിലകൊള്ളട്ടെ എന്ന് നിർവികാരതയോടെ ആഗ്രഹിക്കുന്നു.
അസ്ഥിത്വം ഇനിയും സ്ഥിരീകരിക്കപ്പെടാത്ത ആരോടോ പ്രാർഥിക്കുന്നത് പോലെ തോന്നുന്നു."