ഗർഭാവസ്ഥയിലിരിക്കെ മധുസൂദനൻ എന്നൊരു യതി അനുഗ്രഹിച്ചിരുന്നത്രേ... ജനിച്ചുവീണതു പക്ഷെ ശ്വാസകോശങ്ങൾക്ക് ശാപമേറ്റുകൊണ്ടായിരുന്നു!
ബാല്യം - മാതൃകാപുത്രനെന്നപോൽ രൂപിതം.
ചിട്ടപ്പെടുത്തിയെടുത്തതോ വളർത്തുഗുണം.
എന്നിട്ടും തുടർയാത്രാരംഭം മുജ്ജെന്മശാപമേറ്റ -
മാതാപിതാക്കൾ തൻ പുത്രരെപ്പോലായിരുന്നു!
യൗവ്വനം - ആദ്യമായ് അനുഗ്രഹങ്ങൾ തിരിച്ചറിഞ്ഞനാൾ.
ചൈതന്യമാമൊരു ജീവിതം സ്വപ്നം കണ്ടുതുടങ്ങുവാൻ -
ആരിൽനിന്നോ മൗനസമ്മതം നേടിയെടുത്തപ്പോൾ -
നിറകണ്ണുകളോടെ യതിയെ ഞാനോർത്തു!
അനുഗ്രഹങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ച്‌കൊണ്ട് -
തന്റെ ബാല്യം രൂപപ്പെടുത്തിയവർക്ക് കാണിച്ചുകൊടുത്തിരുന്നു!
നെഞ്ചിൽ ചേർത്തുവെച്ചു നെയ്ത സ്വപ്‌നങ്ങൾ അറ്റുവീണുതുടങ്ങുന്നത്-
അറിയാൻ വൈകിയതിൽ പക്ഷെ മുറിവേറ്റത് പയറ്റിത്തെളിഞ്ഞ യോദ്ധാവിനായിരുന്നില്ല, ഒരു പിഞ്ചു കുഞ്ഞിനായിരുന്നു!
കുലമര്യാദകളെ വിസ്മരിച്ച് "കൈവെടിയരുതേ" എന്ന യാചന -
പരമ്പരകൾക്കൊടുവിൽ തിരിച്ചറിവ് വന്നു -
ഇത് ശാപമേറ്റ യൗവ്വനം, തിരസ്കൃത യൗവ്വനം!
ശേഷം,
അനുഗ്രഹങ്ങളെയും അനുഗ്രഹദാതാക്കളേയും പഴിച്ചു കൊണ്ടുള്ള ഇരുണ്ട കാലഘട്ടം.
കടംകൊണ്ടൊരു കാലിച്ചായ നുണയുന്നൊരു മരവിച്ച സായാഹ്നത്തിൽ -
മുന്നിൽ വന്നുചേർന്നാരോ, വശ്യതയിൽ കനിവ് ചാലിച്ച മിഴികളുള്ളാരോ!
നീണ്ടിടവേളക്ക് ശേഷം വിളറിയ നാഡികളിൽ നീർപ്രവാഹം അനുഭവപ്പെട്ടു,
ഉരുകി വെണ്ണീറായിത്തീർന്ന ഉള്ളം പൂക്കളെപ്പോൾ പുഞ്ചിരിച്ചു തുടങ്ങി.
അനുഗ്രഹങ്ങൾ വീണ്ടും... അന്നോര്‍ത്തത് പക്ഷെ യതിയെ ആയിരുന്നില്ല -
സ്വകർമങ്ങളെയും കർമഫലങ്ങളെയും!
നിമിഷങ്ങൾ ഒരേസമയം ലളിതവും തീവ്രവും ഭ്രാന്തവുo!
ആരുടെയൊക്കെയോ അക്ഷമക്കിരയായി ആ കൊടുങ്കാറ്റ് ശമിച്ചു.
ഇരുൾ വീണ്ടും വീണുതുടങ്ങിയിരുന്നു - അകാലമൃത്യു!
ശേഷം,
പഴിചാരിയില്ലാരെയും -
അനുഗ്രഹങ്ങളെയും, യതിയെയും, ഇന്നലകളെയും!
തിരിച്ചറിഞ്ഞു -
"അനുഭവങ്ങളാണ് അനുഗ്രഹങ്ങൾ"
കർമ്മയിൽ തന്നെ വിശ്വാസമർപ്പിച്ച് യാത്ര തുടരുന്നു...
യതിയുടെ വഴികളിലൂടെ സഞ്ചരിക്കാൻ വെമ്പുന്നു...
"അനുഭവങ്ങൾ തന്നെയാണ് അനുഗ്രഹങ്ങൾ"
No comments:
Post a Comment