Wednesday, July 29, 2015

മൂന്നാം സാരഥിക്കൊരു കുറിപ്പ്!


മൂന്നാം സാരഥിയേ...
സ്വാർത്ഥനായ ഞാൻ നീ വിളിക്കവേ ശേഷിക്കുന്ന വിരളമാം സൗഹൃദങ്ങളെ, സമ്പാദ്യങ്ങളെ, പ്രതീക്ഷകളെ, ഉപേക്ഷിച്ച് നിന്റെ കൂടെ വരുന്നതിൽ തിരസ്കരണങ്ങളാൽ അനാഥപ്പെട്ട്‌ ഒറ്റയാനായ് നിലകൊള്ളേണ്ടിവന്നെനിക്ക് നോവനുഭവപ്പെടേണ്ട കാര്യമില്ലല്ലോ.... മരണമേ? എന്നിട്ടുമെന്തേ എന്ന് സ്വയം ആരായുമ്പോൾ പകച്ചു പോകുന്നുണ്ടോ ഞാൻ, ഈ ഉറക്കമില്ലാത്തൊരീ അർദ്ധരാത്രി?

മുൻപും ചില രാത്രികളിൽ നീ എന്റെ കർണ്ണങ്ങളിൽ വശ്യമാം വന്യമാം ഏതോ ഈണം മീട്ടിക്കൊണ്ട് നിന്റെ ലോകത്തിലേക്ക്‌ എന്നെയാനയിക്കാൻ ശ്രമം നടത്തിയതോർക്കുന്നു ഞാൻ. പിൽക്കാലത്ത് പനി പിടിപ്പിച്ചും തലയോട്ടിയിൽ ഒരു കുരുവിന് ജന്മം കൊടുത്തും നീയെന്നെ കളിപ്പിച്ചിരുന്നു. ഓർക്കുന്നു ഞാൻ.
നിന്റെ കൗതുകങ്ങൾ എനിക്കിഷ്ട്ടമാണ്, മരണമേ...
നിനക്ക് മുൻപും രാത്രിയുടെ യാമങ്ങളിൽ ആർക്കോ ഞാൻ കൗതുകമായി ജീവിച്ചിട്ടുണ്ട്. നീയെന്നെ കൊണ്ടുപോകുന്നിടം സ്വർഗമെന്നിരിക്കെ ഞാനും അന്നവർക്കൊപ്പം ആ വാതിക്കൽ വരെ എത്തിയിട്ടുണ്ട്.
മരണമേ... നീയെന്റെ  മൂന്നാം സാരഥി മാത്രം!         
എന്നിട്ടുമെന്തേ എന്ന് സ്വയം ആരായുമ്പോൾ പകച്ചു പോകുന്നുണ്ടോ ഞാൻ, ഈ ഉറക്കമില്ലാത്തൊരീ അർദ്ധരാത്രി?    

എന്റെ  മൂന്നാം സാരഥിക്കൊരു കുറിപ്പ്:
നിനക്ക് മുൻപ് എന്നെ സ്വർഗത്തോപ്പുകളിലേക്ക് നയിച്ചവർ പക്ഷെ-
പാതി വഴിയിലെപ്പോഴോ എന്നെ ഉപേക്ഷിച്ചു പോയിരുന്നു, ഞാൻ ഓർക്കുന്നുണ്ട്. ചേതനയറ്റ് ഒട്ടനേകം നാൾകൾ ഞാൻ ആ വാതിൽക്കൽ കിടന്നു കരഞ്ഞിട്ടുണ്ട്. നിന്റെ നാഥനറിയാം.
പാതിവഴിയിൽ ഉപേക്ഷിക്കാതെ എന്നെ നീ കൊണ്ടെത്തിക്കണം, ഭയപ്പെടുത്താതെ.
അനുസരണക്കേട്‌ കാണിക്കാത്ത നല്ല കുട്ട്യായ്ക്കൊള്ളാം ഞാൻ...

No comments:

Post a Comment